Search This Blog

Friday, December 18, 2009

ഫെല്ലിനിയുടെ ലാ ഡോള്‍ചെ വീറ്റ

സിനിമ: ലാ ഡോള്‍ചെ വീറ്റ
സംവിധാനം: ഫെഡെറിക്കോ ഫെല്ലിനി
ജീവിതം പെട്രോള്‍ തീരാത്ത വാഹനത്തിലെ കറക്കമാണ്! ഫെല്ലിനീകരിക്കപ്പെട്ട സിനിമയുടെ തുടക്കം ഗംഭീരം ഭീകരം! ക്രിസ്തുപ്രതിമ വഹിച്ചു പോകുന്ന ഹെലികോപ്റ്റര്‍ പഴയ റോമിനെ കടന്ന് വ്യാവസായിക റോമിന്‍റെ മീതെ പണിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളിയുടെ ആംഗിളിലൂടെ നമുക്ക് കാണാം. ആ ഹെലികോപ്റ്ററെ പിന്‍തുടരുന്ന മറ്റൊന്നില്‍ ജേണലിസ്റ്റ് നായകനും (മാര്‍ചെല്ലോ) ഫോട്ടോഗ്രാഫര്‍ പാപ്പരാസോയും (ഈ കഥാപാത്രനാമത്തില്‍ നിന്നാണ്, ഇന്ന് കൂടുതല്‍ പ്രസക്തമായ പാപ്പരാസി എന്ന പദമുണ്ടാകുന്നത്). 'മീഡിയ'ക്കാരുടെ ഹെലികോപ്റ്റര്‍ ബിക്കിനി സുന്ദരികളെ കണ്ട് ഒന്നു വലം വച്ചു. സിനിമയുടെ (1960) മൊത്തത്തിലുള്ള മൂഡ് അതാണ്. ആഹ്ളാദഭരിത ജീവിതത്തിന്‍റെ പിന്നാലെ പായുന്ന നായകനും പാപ്പരാസോ പോലുള്ള പേര്, ആനന്ദപുരം ആനന്ദന്‍ എന്നോ മറ്റോ, ഫെല്ലിനി നല്‍കേണ്ടതായിരുന്നു. പക്ഷേ ഫെല്ലിനിക്ക് ആനന്ദത്തിന്‍റെ തോട് പൊളിച്ച് കുറച്ചു കൂടി പറയാനുണ്ട്.

അത് ആത്യന്തികമായ നിരര്‍ഥകതയെക്കുറിച്ചാണ്. അല്ലെങ്കില്‍ സുന്ദരി കുളിക്കുന്ന കുളത്തിലെ ഒഴുകിക്കൊണ്ടിരുന്ന ജലധാര പൊടുന്നനെ നിലയ്ക്കില്ലായിരുന്നു; അമ്മവാല്‍സല്യത്തിന്‍റെ സ്പൂണുമായി പിന്നാലെ നടക്കുന്ന ഭാര്യയെ അയാള്‍ ജീവിതത്തില്‍ നിന്ന് ഇറക്കി വിടില്ലായിരുന്നു; അങ്ങേക്കര നില്‍ക്കുന്ന നിഷ്കളങ്കയുടെ മന്ദഹാസത്തോട് 'എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല' എന്ന് മറ്റൊരുവളുടെ കൈയിലകപ്പെട്ട് പോകുന്നതിനിടെ പറയേണ്ടി വരില്ലായിരുന്നു.

സമ്പന്നതയുടെ പിറകിലുള്ള ബോറടിയെക്കുറിച്ചാണ്, വെളിച്ചവും ബഹളവും പാര്‍ട്ടിയും ചിരിയും കളിയും നിറഞ്ഞാടുന്ന മൂന്നു മണിക്കൂര്‍ 'മധുര ജീവിതം' പറയുന്നത്. ഈ അനുവാചകന്‍ ഒരേ സമയം മോഹവലയത്തിലകപ്പെടുകയും ബോറടിക്കപ്പെടുകയും ചെയ്തു. ആനന്ദത്തില്‍ താറടിച്ചുവോ!

3 comments:

പള്ളിക്കുളം.. said...

എട്ടര എങ്ങനെ കാണണമെന്ന് ഒന്നു പറഞ്ഞു തരൂ..

പള്ളിക്കുളം.. said...

:

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം, പള്ളിക്കുളം. മമ്മൂക്കയുടെ കഥാപാത്രം 'കൈയ്യൊപ്പി'ല്‍ അഭിമുഖീകരിച്ച പ്രശ്നം ആത്മകഥാപരമായി പ്രതിപാദിക്കുന്ന എട്ടര കണ്ടിട്ട് ഏറെ നാളായി. സംവിധായകന്‍റെ പ്രതിസന്ധി, ഒളിച്ചോട്ടം, അയാളുടെ ഓര്‍മ്മകള്‍, ടര്‍ക്കിഷ് കുളിമുറികേളികള്‍, ഓര്‍മ്മയുണ്ട്.ഡോള്‍ചെ വീറ്റ (സ്വീറ്റ് ലൈഫ്) യെക്കുറിച്ച് ഒന്നു കൂടി: ഈ ചിത്രത്തിലെ ഒരു സീന്‍ എംടി-ഐ വി ശശി ചിത്രമായ 'അനുബന്ധ'ത്തില്‍ പുനരവതരിച്ചിട്ടുണ്ട്. ഫെല്ലിനിയുടെ ചിത്രത്തില്‍ നായകന്‍റെ അച്ഛന്‍ ബാറിലിരുന്ന് ഒരു യുവതിയുമായി സല്ലപിക്കുന്നതിനിടെ അവളെ രമിപ്പിക്കാനെന്നോണം നാണയം നെറ്റിമേല്‍ വച്ച് കളിപ്പിക്കുന്നു. 'അനുബന്ധ'ത്തില്‍ മമ്മൂട്ടിയും കുട്ടിയെ രസിപ്പിക്കാന്‍ ഇതേ നാണയ വിദ്യയാണ്, അനുകരിക്കുന്നത്.

Blog Archive

Follow by Email