Search This Blog

Monday, June 7, 2010

ബ്‌ളസ്സി 'ആടുജീവിതം' സംവിധാനം ചെയ്യും

'ആടുജീവിതം': ഒരു വായന

ദാരിദ്ര്യം അതിന്‍റെ മൂര്‍ത്തീമദ്ഭാവത്തില്‍ അനുഭവിക്കുന്ന ഒരു മലയാളിയുടെ ജീവിതകഥ, സ്വപ്നങ്ങളുടെ ചിറകിലേറി ആട്ടിടയനായി ജീവിക്കുന്ന പ്രവാസം, നമ്മെ അമ്പരപ്പിക്കാന്‍ പോന്ന രീതിയിലാണ് 'ആടുജീവിത'ത്തിന്‍റെ യഥാതഥകഥനം. വിശപ്പ് / ഒറ്റപ്പെടല്‍ / അരക്ഷിതാവസ്ഥ / പീഡനം മുതലായവ സഹിക്കുന്ന നജീബിന്‍റെ 'കരളലിയിക്കുന്ന' കഥ പറഞ്ഞ് ബെന്യാമിന്‍ നമ്മുടെ ദാരിദ്ര്യം എന്ന അനുഭവത്തോടുള്ള 'വിശപ്പ്' മാറ്റുന്നു. പൊള്ളുന്ന സത്യത്തിന്‍റെ ഏറ്റുപറച്ചിലുകളുടെ കാലത്ത് 'ആടുജീവിത'ത്തിന് നിഷേധിക്കാനാവാത്ത, ആകര്‍ഷണീയമായ പ്രമേയമാണുള്ളത്. നോവലിന് അവലംബമായ പ്രമേയം യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരു മലയാളിയുടെ ജീവിതമാണെന്നത് 'ആടുജീവിത'ത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

'മലയാളസാഹിത്യത്തെയും ഭാഷയെയും ഈ നോവല്‍ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു' (പി വല്‍സല); '..ജീവിതത്തിന്‍റെ സമസ്തതലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം' (എന്‍ ശശിധരന്‍); 'എന്നെ വിസ്‌മയിപ്പിച്ച മലയാളനോവല്‍' (എം മുകുന്ദന്‍) മുതലായ കമന്‍റുകളാലും സമ്പന്നമാണ്, ബെന്യാമിന്‍റെ നാലാമത്തെ നോവലായ ആടുജീവിതം. (ഗ്രീന്‍ ബുക്സ്, ചിത്രീകരണം: കെ ഷെരീഫ്, 200 പേജ്, 120 രൂപ).


നജീബ് സ്വന്തം കഥ പറയുന്നതായാണ് നോവലില്‍ പ്രഥമപുരുഷ വിവരണം. 1995ല്‍ നടന്നതാണെന്ന് പറയുന്ന സംഭവം നോവലായി പുറത്തു വരുന്നത് 2008ലാണ്. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് 'നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കു'മാണ്. പുസ്തകം പ്രകാശനം ചെയ്തതും നജീബിന് നല്‍കിക്കൊണ്ടായിരുന്നു എന്നും വിവരം. ആട്ടിടയജോലിയില്‍ നിന്നും ഓടി രക്ഷപെട്ട് നജീബ് പൊലീസിന് പിടികൊടുത്ത് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഫ്‌ളാഷ്ബാക്ക് നമ്മെ ഞെട്ടിക്കും- നജീബ് അനുഭവിച്ച ഭീകരയാഥാര്‍ഥ്യം സ്വപ്നങ്ങളില്‍ നമ്മെ ചിലപ്പോള്‍ പിടികൂടാതെയുമിരിക്കില്ല.

ബ്ളൂഫിലിമിലായാലും മാധ്യമറിപ്പോര്‍ട്ടുകളിലായാലും അനുവാചകന് വേണ്ടത് തോത് കൂടിയ സാധനങ്ങളാണ്. രാഷ്ട്രീയ അഭയാര്‍ഥികളാല്‍ ലോകം നിറഞ്ഞിരിക്കുകയാണെങ്കിലും കേരളേതര ഗ്രാമങ്ങളില്‍ ഏറെ നജീബുമാര്‍ ഭൂജന്‍മിമാരുടെ ദയാവായ്പില്‍ ജീവിക്കുന്നുണ്ടെന്നറിയാമെങ്കിലും നിരത്തുകളില്‍ അന്തിയുറങ്ങുന്നുണ്ടെന്നറിയാമെങ്കിലും മലയാളിക്ക് ദാരിദ്ര്യം ഇപ്പോള്‍ കെട്ടുകഥയായത് കൊണ്ടും നജീബിന്‍റേത് ഗള്‍ഫ്-കഥയായതിനാലും ഈ നോവല്‍ ഏറെ സ്വീകരിക്കപ്പെടും.

അമ്പരപ്പ് ചെറിയ തോതില്‍ നിന്നും വലുതുകളിലേക്ക് അനുക്രമം വികസിക്കുന്നതായാണ് ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. തുറസ്സായ മരുഭൂവില്‍ വെളിക്കിരിക്കുന്നത് മുതല്‍ പാവം നജീബ് ഉള്‍ക്കൊള്ളുന്ന ഞെട്ടലുകള്‍ ഓരോന്നായി നമ്മെ നജീബുമായി അടുപ്പിക്കും. ആട് പ്രസവിക്കുന്നത് കണ്ട നജീബ് അത് സ്വന്തം ജീവിതവുമായി തദാദ്മ്യപ്പെടുത്തുന്നതും പിറക്കാന്‍ പോകുന്ന മകന് കരുതി വച്ചിരുന്ന പേര് ആട്ടിന്‍കുട്ടിക്ക് ഇട്ട് വിളിച്ചു. പോച്ചക്കാരി രമണി എന്ന നാട്ടിലെ വേശ്യയുടെ പേര് ഒരാടിനിട്ട് അവളുമായി സഹവസിക്കുന്നുമുണ്ട് ഇടയന്‍. (ആടുകളില്‍ ജഗതിയും മോഹന്‍ലാലും ഇ എം എസുമൊക്കെയുണ്ട്).

ചിലപ്പോള്‍ ബെന്യാമിന്‍ നജീബിന്‍റെ ഉള്ളില്‍ കയറിയിരുന്ന് സംസാരിക്കുന്നത് കാണാം: ഒന്നര ദിവസമായി പട്ടിണി കിടന്ന, യാത്രാക്ഷീണമുള്ള, തലേ രാത്രി ഉറക്കം കുറവായിരുന്ന, വന്നുപെട്ട സാഹചര്യമോര്‍ത്ത് വെളുപ്പിനേ കരഞ്ഞ, മുഷിഞ്ഞ ഉടുപ്പ് ധരിക്കേണ്ടി വന്നതിലെ നാറ്റം സഹിച്ച്, ആടുകള്‍ക്ക് വെള്ളം കോരിയൊഴിക്കുന്ന ജോലി ആരംഭിക്കുന്ന നായകന്‍ വിവരിക്കുന്നു: 'ഏകദേശം മൂന്ന് മീറ്ററോളം നീളവും ഒരു മീറ്റര്‍ വീതിയും ഒരു മുക്കാല്‍ മീറ്റര്‍ പൊക്കവുമുള്ള ഒരു സിമന്‍റുതൊട്ടിയായിരുന്നു അത്. ആടുകളെ ഇട്ടിരിക്കുന്ന കമ്പിവേലി പല കള്ളികളായി തിരിച്ചിട്ടുണ്ടായിരുന്നു. ഓരോ കള്ളിയിലും അന്‍പത് മുതല്‍ നൂറുവരെ ആടുകള്‍ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പത്തിരുപത്തഞ്ച് കള്ളികള്‍'. അഞ്ചാം ക്ളാസ് വിദ്യാഭ്യാസമേയുള്ളൂവെങ്കിലും നായകന്‍റെ നിരീക്ഷണം 'ഏതാണ്ട്' കിറുക്രുത്യം. മറ്റൊരിടത്ത് 'നജീബ്' ആത്മഗതം നടത്തുകയാണ്: 'എല്ലാ ഭാഷയിലെയും എല്ലാ മതത്തിലെയും എല്ലാ എഴുത്തുകാരും മരുഭൂമിയെ ബോധോദയത്തിന്‍റെയും ആത്മീയ ഉണര്‍വിന്‍റെയും ഇടമായിട്ടാണ് കണ്ടിട്ടുള്ളത്'.

ഒരേ പാരഗ്രാഫില്‍ രണ്ടുതരം ശൈലികള്‍ ബെന്യാമിന്‍ ഉപയോഗിച്ചിട്ടുണ്ട്. '...ഉച്ച തിരിഞ്ഞതോടെ ആടുകളെല്ലാം മുടിവെട്ടി കുട്ടപ്പന്‍മാരും കുട്ടപ്പികളുമായി' എന്ന് നാടന്‍ശൈലിയില്‍ തുടങ്ങുന്ന ഖണ്ഡിക 'എനിക്ക് മഴ പോലെ സങ്കടം വന്നു' എന്ന കാല്‍പനികതയില്‍ അവസാനിക്കുന്നു. 'പൂഴിമണ്ണിനടിയിലേക്ക് നൂണുമുങ്ങുന്ന ഒരു ആമയെപ്പോലെ അസ്തമനസൂര്യന്‍' എന്നും അതിരുകള്‍ നരച്ച ഒരു നീലക്കൊട്ട മുകളില്‍ കമിഴ്ത്തി വച്ചിരിക്കുന്നത് പോലെ ആകാശം എന്നും ആ 'കലാകാരന്‍'.

നോവലില്‍ ദുഷ്കരതയോടൊപ്പം മേദസ്സോടെ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഘടകം ഭക്തിയാണ്. നജീബിന്‍റെ ദിനചര്യകളില്‍ നിസ്കാരം ബെന്യാമിന്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അള്ളാഹുവിനെ കൂടെക്കൂടെ വിളിക്കുന്നു നജീബ് - അയാളുടെ ജീവിതം തന്നെ വലിയൊരു പ്രാര്‍ഥനയായിരിക്കാം.

മേദസ്സുകള്‍ കണ്ടെത്തുന്ന തത്രപ്പാട് മാറ്റിവച്ചാല്‍ ഈ നോവല്‍ ഉള്‍ക്കൊള്ളുന്ന നന്‍മകള്‍ നമ്മെ ജീവിതത്തോട് ഏറെ അടുപ്പിക്കാതിരിക്കില്ല. ഹക്കീം ദാഹിച്ചു തളര്‍ന്ന് മണല്‍ വാരിത്തിന്ന് ചോര ഛര്‍ദ്ദിച്ച് മരിക്കുന്ന ഒറ്റ 'സീന്‍' മതി വിമര്‍ശനങ്ങള്‍ നിഷ്പ്രഭമാകുവാന്‍.

അനുബന്ധം: 'ആടുജീവിതം' സിനിമയാകുന്നു. പ്രിഥ്വിരാജ് നജീബായി വേഷമിടുന്ന ചിത്രം ബ്ളസ്സി സംവിധാനം ചെയ്യും.

http://chintha.com/node/76912

9 comments:

സജി said...

അപ്പോ പറഞ്ഞു വന്നത്...??

ഉപാസന || Upasana said...

പൃഥ്വിരാജ് ഒക്കുമോ ??

vasanthalathika said...

''ആടുജീവിതം'' സിനിമയാക്കുന്നുവെന്നത് ശരിയോ?ബ്ലെസ്സി...ഓ.കെ..പക്ഷെ പൃഥ്വിരാജ...?.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആട് ജീവിതം അതേ തീവ്രതയില്‍ സിനിമയിലാക്കാന്‍ പറ്റുമോ?? കണ്ടറിയണം. പൃഥ്വി.., തീരെ പ്രതീക്ഷയില്ല. നജീബിന്റെ അനുഭവങ്ങളെ അതേ തീവ്രതയില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റിയ നടന്മാര്‍ മലയാള സിനിമയില്‍ ഉണ്ടോ??? അറിയില്ല. സൂപര്‍സ്റ്റാറുകള്‍ അല്ലാത്തവര്‍ കാണുമായിരിക്കണം. എന്തായാലും നോവലിനോട് നീതി പുലര്‍ത്താന്‍ ബ്ലെസ്സിയുടെ സിനിമക്ക് സാധിക്കുമെന്ന് പ്രതീക്ഷ തീരെയില്ല. നായകന്‍ പൃഥ്വിരാജ് ആണെന്നറിഞ്ഞപ്പോള്‍ ഒട്ടും പ്രതീക്ഷിക്കുന്നില്ല. :(

നട്ടപിരാന്തന്‍ said...

ഇതില്‍ ബ്ലെസ്സിയുടെ പൂട പോലും കാണുന്നില്ലല്ലോ താങ്കള്‍ പറയുന്നതായിട്ട്

ManojMavelikara said...

kollllammmmmm

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാട്ടും ഡാന്‍സും സംഘട്ടനങ്ങളും പോകട്ടെ, സ്ത്രീ കഥാ പാത്രത്തിനു പോലുംവലിയ സ്ക്കോപ്പ്‌ ഇല്ലല്ലോ. പിന്നെങ്ങനെ ചിനിമ! ! അതും പൃഥീരാജിനെപ്പോലെ ഒരു ഇടി നടനേയും വെച്ച്‌.

(ഒരു കഥ കേട്ടിട്ടുണ്ട്‌, തെങ്ങിനെ കുറിച്ച്‌ എഴുതാന്‍ പറഞ്ഞപ്പോള്‍, അതിനു കഴിയാത്തതുകൊണ്ട്‌, തെങ്ങില്‍ ഒരു പശുവിനെ കെട്ടി, പിന്നെ പശുവിനെക്കുറിച്ച്‌എഴുതുന്നത്‌. അതുപോലാകുമോ ഈ സിനിമയും)

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം സജി, ഉപാസന, വസന്തലതിക, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, നട്ടപിരാന്തന്‍, മനോജ്‌ മാവേലിക്കര, ജിതേന്ദ്രകുമാര്‍...
പ്രിഥ്വി 'തലപ്പാവി'ലും മറ്റും വ്യത്യസ്തം ചെയ്തിട്ടുണ്ടല്ലൊ. സാഹിത്യം സിനിമയാകുമ്പോഴുള്ള കടമ്പകള്‍ ബ്ളസ്സി കടക്കുമെന്ന് കരുതാം, നജീബ് മരു താണ്ടിയത് പോലെ. 'ആടുജീവിതം' ബ്ലസ്സി സിനിമയാക്കുന്നുവെന്നത് വിശ്വസനീയ കേന്ദ്ര അറിവാണ്. സിനിമയല്ലേ, പെയ്യാം പെയ്യാതിരിക്കാം!
കൂടുതല്‍ വിവരങ്ങള്‍ക്ക്: Benyamin
+973 - 39812111

സുബാബു said...

മലയാളസിനിമയില്‍ പ്രതീക്ഷ വെക്കുന്നതും ,

ഇന്ത്യ ലോകകപ്പ് ഫുട്ബോളില്‍ കളിക്കുമെന്ന്

വിചാരിക്കുന്നതും ഒരുപോലെയാണ്

Blog Archive

Follow by Email