Search This Blog

Monday, January 17, 2011

127അവേഴ്‌സ്: ആജീവനാന്ത ....

127അവേഴ്‌സ്: ആജീവനാന്ത അനുഭവം

ഒറ്റക്ക് ഒരാള്‍ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എത്ര കാഴ്‌ചാ-സാഹിത്യ അനുഭവങ്ങള്‍ നമുക്കുണ്ട്? സ്‌ലംഡോഗ് സംവിധായകന്‍റെ പുതിയ ചിത്ര പ്രമേയം ഒരു യഥാര്‍ത്ഥ കഥയാണെന്നതും 127 അവേഴ്‌സിനെ സിനിമാള്‍ക്കൂട്ടത്തില്‍ തനിയെ ആക്കുന്നു.

അമേരിക്കന്‍ മലകയറ്റക്കാരന്‍ ആരണ്‍ റാള്‍സ്‌റ്റണ്‍ 2003ലെ യുട്ടാ മലകയറ്റത്തിനിടെ പാറക്കല്ല് വീണ് വലതുകൈ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതും അഞ്ച് ദിവസം വെള്ളവും മൂത്രവും മാത്രം കുടിച്ച് കഴിയുകയും ഒടുവില്‍ പേനാക്കത്തി ഉപയോഗിച്ച് കൈമുട്ടിന് താഴെ മുറിച്ച് നീക്കി രക്ഷപെട്ട ചരിത്രം ആത്മകഥയും ഡോക്യു മെന്‍ററികളുമായതാണ്. സിനിമ കുറേക്കൂടി ഭവനാസമ്പന്നമാണ്. നഗരസമൂഹത്തിന്‍റെ തിരക്കില്‍ നിന്നും - മൊണ്ടാഷുകളാല്‍ പകുത്ത സ്‌ക്രീനുകളില്‍ നിന്നും - തുടങ്ങുന്ന 94 മിനിറ്റ് സിനിമ അതേ വേഗതയില്‍ തന്നെ ആരണ്‍ (ജെയിംസ് ഫ്രാങ്കോക്ക് മികച്ച നടനുള്ള നാമനിര്‍ദ്ദേശം ലഭിച്ചു) അപകടത്തില്‍ പെടുന്നതും കാണിച്ചു. അവിടന്നങ്ങോട്ട് ധ്യാനാത്മകമാണ് കാമറ. ആരണിനോടൊപ്പം നമ്മളും പെട്ടു. മുകളിലൊരു കീറ് ആകാശം; താഴെ ഒരു കല്ലുറുമ്പ്; കുടിക്കാന്‍ ഭാണ്ഡത്തിലുള്ള ഇത്തിരി വെള്ളം; ഓര്‍ക്കാന്‍ ഒരുപാട്: കുടുംബം, കാമുകി, കുട്ടിക്കാലം, അപകടത്തിന് തൊറ്റു മുന്‍പ് പരിചയപ്പെട്ട മലകയറ്റക്കാരായ രണ്ട് സുന്ദരികള്‍, അവര്‍ ക്ഷണിച്ച പാര്‍ട്ടി, അവിടെ കിട്ടിയേക്കാവുന്ന ജ്യൂസ്, ബീയര്‍.. ഇപ്പോള്‍ മൂത്രം ശരണം.

നമുക്കാണ് ഇങ്ങനെയൊരു വിധിയെങ്കിലോ എന്ന് നമ്മെ ചിന്തിപ്പിക്കാനുമുള്ള സമയം സിനിമ തരുന്നു. മരിക്കാന്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഒരാള്‍ എന്തൊക്കെ ചെയ്യാം? മൊബൈലുടുക്കാഞ്ഞതിനും ആരോടും പറയാതെ പോന്നതിനും സ്വയം കുറ്റപ്പെടുത്താം. ആരണ്‍ സാഹചര്യം മൊത്തം വീഡിയോയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. അതില്‍ ഒരു മോക്ക് ഇന്‍റര്‍വ്യൂ - സ്വയം ചോദിക്കലും ഉത്തരം പറയലും കളി... അതൊക്കെ സമ്മതിച്ചു. എനിക്ക് പിടി കിട്ടാത്തത് ആരണ്‍ സ്വയംഭോഗം ചെയ്യുന്ന സീനാണ്.

പ്രമേയത്തിലെ ഭയാനകമായ ഒറ്റപ്പെടല്‍ നിറക്കാന്‍ പിന്നെ സംവിധായകന് ചെയ്യാവുന്നത് ഭാവനയുടെ തിരുകലാണ്. മഴ വരുന്നു, കുത്തിയൊലിച്ച വെള്ളപ്പാച്ചിലില്‍ കല്ലില്‍ അമര്‍ന്ന കൈ വിടുന്നു, ആ രാത്രി കാമുകിയുടെ വീട്ടില്‍ ചെല്ലുന്നു അങ്ങനെയങ്ങനെ... അതല്ലെങ്കില്‍ പൊടിക്കാറ്റ് വരുന്നു, ആരണ്‍ നില്‍ക്കുന്ന കല്ലിടുക്കിലേക്ക് പൊടിവര്‍ഷം, ആരണും താഴോട്ട് പൊടിയായി... മനുഷ്യാ നീ...

കുടുംബാംഗങ്ങള്‍ ആ കല്ലിടുക്കില്‍ സോഫായിലിരുന്ന് അവന്‍റെ മരണസീന്‍ കാണുന്ന സങ്കല്‍പവുമൊക്കെയാവുമ്പോള്‍ ചരിത്രമറിയാവുന്ന നാം ആഗ്രഹിച്ചു പോവും - കൈ വെട്ടി അവന്‍ രക്ഷപെടുന്ന സീന്‍ വന്നാല്‍ മതിയായിരുന്നു! ഭീകരമായിരിക്കും അത് എന്ന് കരുതി 'യുമ്മാ' വിളിച്ച് കുവൈറ്റിലെ അവന്യൂ തീയറ്റര്‍ വിട്ടുപോയവര്‍ ഇല്ലാതില്ല. അവര്‍ പോവാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. കൈവെട്ടല്‍ സീന്‍ എത്രയോ പേടിപ്പിക്കാതെ ചെയ്തിരിക്കുന്നു. ആരണിന്‍റെ ബാല്യകാലം വേദനപ്പുളച്ചിലുകള്‍ക്കിടയില്‍, ചൈനീസ് നിര്‍മ്മിതമായ കത്തി വരുത്തിയ കാലതാമസം വേറെ, ആ സാഹസികതയെ ഉറ്റു നോക്കുന്നതാണ്, ആ സീന്‍.

തിയറ്ററില്‍ എന്‍റെ അടുത്തിരുന്നവര്‍ കോളയും ചിപ്‌സും കഴിക്കുന്നതിനിടെ സ്‌ക്രീനില്‍ ആരണ്‍ ഒരിറ്റു തുള്ളി കുടിവെള്ളമെടുത്ത് ഇരുകണ്ണിലും വെക്കുന്ന ഷോട്ട് ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. എ ആര്‍ റഹ്‌മാന്‍റെ ചെന്നൈ സ്‌റ്റുഡിയോയില്‍ റെക്കഡ് ചെയ്ത 'ഇഫ് ഐ റൈസ്' മുംബയ് ഗ്‌ളീഹൈവ് ചില്‍ഡ്രന്‍സ് കൊയര്‍ ആലപിക്കുന്നതിനിടെ ടൈറ്റില്‍സ് പൊങ്ങുമ്പോള്‍ കണ്ണില്‍ നീര്‍ പൊടിയുന്നുണ്ടോ?

Blog Archive