Search This Blog

Tuesday, May 3, 2011

ബിന്‍ലാദന്‍ ബയോ

യാഥാസ്‌ഥിതിക-ഉത്തരാധുനിക ഭീകരലാദന്‍

1989ല്‍ അമേരിക്കന്‍ സഹായത്തോടെ അഫ്‌ഗാനിസ്ഥാന്‍ റഷ്യയെ ചെറുത്തതിലൂടെയാണ് ബിന്‍ ലാദന്‍റെ വഴിത്തിരിവ്. അമേരിക്കയെയും ചെറുക്കാമെന്ന് ലാദന്‍ കരുതി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ക്വയ്ദ (അടിസ്ഥാനം എന്നര്‍ത്ഥം) ഇന്‍ഫ്രാ സ്‌ട്രക്‌ചറായി. പാക്കിസ്ഥാന്‍ ഇടനിലക്കാരിലൂടെയായിരുന്നു അമേരിക്കയും ലാദനും സോവിയറ്റിനെതിരെ പൊരുതിയത്. ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നും പണം സൌദിയില്‍ നിന്നും എന്ന് ലാദന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടത്രെ. അഫ്‌ഗാനിസ്ഥാനിലെ തോറാബോറാ മലനിരകളില്‍ ഒളിത്താവളങ്ങള്‍ പണിതത് സി ഐ എ വഴിയായിരുന്നു.

ഫത്‌വ ഫാക്‌സിലൂടെ പുറപ്പെടുവിച്ചും അമേരിക്കക്കെതിരെ ഇ-മെയിലിലൂടെ യുദ്ധം പ്രഖ്യാപിച്ചും രാഷ്‌ട്രീയ വസൂരി ഭീതി പടര്‍ത്തിയ ലാദന്‍റെ ശബ്‌ദം, മുഴക്കമില്ലാതെ നേര്‍ത്ത് ക്ഷീണിതമെങ്കില്‍ക്കൂടി, ലോകപോലീസിനെ വിറപ്പിച്ചു. ഒരു റഷ്യന്‍ പട്ടാളക്കാരനെ കൊന്നപ്പോള്‍ കിട്ടിയ കലാഷ്‌നിക്കോള്‍വായിരുന്നു ലാദന്‍റെ ആദ്യസഹചാരി. 1990ല്‍ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോള്‍ ലാദന്‍ സഹായം വാഗ്‌ദാനം ചെയ്തതാണ്. അവസരം അമേരിക്കക്ക് പോയത് എത്രയോ ചൊടിപ്പിച്ചിരിക്കാം!

തെക്കന്‍ യമനില്‍ നിന്ന് സൌദിയിലേക്ക് കുടിയേറിയ പിതാവിന്‍റെ ഏഴാമത്തെ മകനും പതിനേഴാമത്തെ കുട്ടിയുമായ (പിന്നീടുണ്ടായ സഹോദരങ്ങളെല്ലാം കൂടി അമ്പത്തിനാല്) ഒസാമക്ക് (സിംഹക്കുട്ടി എന്നര്‍ത്ഥം) രക്തത്തില്‍ ദാരിദ്ര്യമെന്തെന്ന് അറിയാം. പിതാവ് ജിദ്ദയില്‍ പോര്‍ട്ടറായിരുന്നു. അമ്പതുകളില്‍ സൌദ് രാജാവിനു വേണ്ടി കൊട്ടാരം കുറഞ്ഞ ചെലവില്‍ പണിയാമെന്ന കരാര്‍ പോര്‍ട്ടറുടെ ചുമലില്‍ ഭാഗ്യം കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സൌദിയിലെ ഏറ്റവും വലിയ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനി സ്വന്തമാക്കിയതിന് ശേഷം താമസിച്ച കൊട്ടാരവീട്ടില്‍ ആ പോര്‍ട്ടര്‍-ബാഗ് കാഴ്‌ചവസ്‌തുവായി വച്ചിരുന്നു.

ബിന്‍ ലാദന്‍ ജനിക്കുമ്പോള്‍ അമ്മക്ക് 15 വയസ്. പിതാവിന്‍റെ നാലാമത്തെ ഭാര്യ സിറിയക്കാരിയായിരുന്നു. യമനി-സിറിയ മേല്‍വിലാസം ലാദന് സ്വന്തം വീട്ടില്‍ അന്യനാണെന്ന തോന്നലുണ്ടാക്കിയെന്ന് അഭിപ്രായം. (പിന്നീട് ബിന്‍ ലാദന്‍ കുടുംബം ഒസാമയെ പരസ്യമായി തള്ളിപ്പറഞ്ഞു). ചെറുപ്പത്തില്‍ അമ്മയുടെ പാദങ്ങളില്‍ വീണ് നമസ്‌കരിക്കുമായിരുന്നു ലാദനെന്ന് സ്‌റ്റീവ് കോള്‍ എഴുതിയ ദ ബിന്‍ ലാദന്‍സ്: ആന്‍ അറേബ്യന്‍ ഫാമിലി ഇന്‍ ദി അമേരിക്കന്‍ സെന്‍ച്വറി എന്ന ജീവചരിത്രത്തിലുണ്ടെന്ന് പത്രങ്ങള്‍. 9 വയസില്‍, അതു വരേയും ലാദന്‍ വല്ലപ്പോഴും കണ്ടിരുന്ന, പിതാവ് മരിച്ചു. സൌദിയില്‍ വച്ച് വിമാനാപകടത്തില്‍. പൈലറ്റ് ഒരു അമേരിക്കക്കാരനായിരുന്നു. യൂറോപ്യന്‍ സ്‌കൂളില്‍ പഠിച്ച നാണംകുണുങ്ങിയായിരുന്ന ലാദനെ ടിവിയില്‍ വന്ന അമേരിക്കന്‍ ഷോ, 'ഫ്യൂറി' - ഒരു അമേരിക്കന്‍ അനാഥബാലന്‍ വന്യ കുതിരകളെ മെരുക്കുന്ന കഥ - സ്വാധീനിച്ചിരുന്നു. 15 വയസില്‍ സ്വന്തമായി കുതിരാലയവുമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 14കാരി കസിനെ 17 വയസില്‍ കല്യാണം കഴിച്ച് രതിയിലും കാറുകളിലും ജോലിയിലുമുള്ള താല്‍പര്യങ്ങളെ ഊട്ടി വളര്‍ത്തി. പിന്നീട് മൂന്നു വിവാഹങ്ങള്‍. സിംഹം വളര്‍ന്നപ്പോള്‍ കര്‍ശനക്കാരനായ വഹാബിസം വക്താവായി. മുഖം മറക്കാതെ സ്‌ത്രീകള്‍ അടുത്തുകൂടെ പോയാല്‍ ലാദന്‍ കണ്ണ് ഇറുക്കിയടക്കും. വാര്‍ത്തകള്‍ക്കായി ടിവി ഓണ്‍ ചെയ്‌തിരുന്ന കുടുംബത്തില്‍ ലാദന്‍റെ മക്കള്‍ നിന്ന് ടിവി കണ്ടു. മ്യൂസിക്ക് വന്നാല്‍‍ ടിവിയുടെ ശബ്‌ദം കുറച്ചിരുന്നു. അന്യരെ അപമാനിച്ച് സംസാരിക്കാതിരിക്കലും അതിക്രമിച്ച് സംസാരിക്കുന്നവരോട് ക്ഷമിക്കലും മാര്‍ദ്ദവമുള്ള ഷേക്ക്‌ഹാന്‍ഡുകള്‍ കൊടുത്തിരുന്ന ലാദന്‍റെ സൌമ്യതയായിരുന്നു. ലാദന്‍ ഒരേ സമയം പുരാതനീയനും ഉത്തരാധുനികനുമായി.

സൌദി ഭരണകൂടത്തിനെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയതിനാല്‍ മുഖം കറുപ്പിച്ച ജിദ്ദ വിട്ട് ലാദന്‍ പോയത് സുഡാനിലേക്കാണ്. അവിടെ അഞ്ഞൂറോളം മുജാഹിദ്ദീനുകളെ ഊട്ടി. സൌദിയിലെ രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം സുഡാന്‍റെയും മുഖമിരുണ്ടു. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലെ തോറബോറാ നിരകളിലേക്കും തുടര്‍ന്ന് കുടുംബസമേതം തോക്കിന്‍കുഴല്‍ നിഴലിലൂടെ രാത്രിമറവില്‍ മലകള്‍ താണ്ടി പാക്കിസ്‌ഥാനിലേക്കും.

ബിന്‍ ലാദന്‍ മരിച്ചു. ബിന്‍ ലാദനിസമോ?എന്ന് ചോദിക്കുന്നുണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍.

4 comments:

Unknown said...

Kollam Nalla obsevation

Dhwani said...

എല്ലാവരും മറ്റെല്ലാവരെയും സംശയിക്കുകയും പേടിക്കുകയും ചെയ്യുന്ന ഈ കാലത്ത്.. ലാദന്‍ ഭീതിയുടെ പുസ്തകത്തിലെ ഒരു എട് മാത്രം..

വീ.കെ.ബാല said...

സുനിലെ നന്നായിട്ടുണ്ട് പക്ഷേ ഉസാമ എന്നാൽ സിംഹക്കുട്ടി എന്നാണോ അർത്ഥം ???? ഒരു സംശയമാണേ "ഉസാമ എന്ന അറബിപദത്തിന് 'മോഹിപ്പിക്കുന്നവന്‍' എന്നാണര്‍ഥം" ഇങ്ങനെയും ഒരിടത്ത് എഴുതിക്കണ്ടു.... രണ്ടാമത്തെ അർത്ഥത്തോടാണ് ചരിത്രം കൂറ്പുലർത്തിയത് എന്ന് തോന്നുന്നു....

സുനില്‍ കെ. ചെറിയാന്‍ said...

സന്തോഷം രാജ്, ധ്വനി, വി കെ ബാല. ഉസാമയും ഒസാമയും തമ്മിലുള്ള വ്യത്യാസമായിരിക്കാം അര്‍ത്ഥശങ്കക്ക് കാരണം. ബാല എഴുതിയത് പോലെ ഉസാമയെന്ന പേരാവാം ബിന്‍ ലാദന്‍റേത്.

Blog Archive