Search This Blog

Sunday, May 22, 2011

നാടകലോകത്തെ അന്തര്‍വിശേഷങ്ങള്‍

സ്ഥലത്തെ പ്രധാന ചട്ടമ്പികളെക്കൊണ്ട് ഉല്‍സവപ്പറമ്പിലെന്നല്ല, ഒരു സ്ഥലത്തും നാടകമവതരിപ്പിക്കാന്‍ പറ്റിയ രംഗമല്ല സാംസ്‌ക്കാരിക കേരളത്തില്‍ ഇപ്പോഴുള്ളത് എന്ന് കേള്‍ക്കുന്നു. നാടകാവതരണത്തിനിടെ ഓരോ ഡയലോഗിനും മുന്നിലിരിക്കുന്ന ചട്ടമ്പിക്കൂട്ടം കമന്‍റ് പറയും. ഉല്‍സവ സീസണനുസരിച്ച് ചട്ടമ്പിവേഷം കെട്ടുന്നവരാണ്. കോളജ് ഡേക്ക് എല്ലാരും അലമ്പുമല്ലൊ. അച്ഛാ എന്ന് നടന്‍ നീട്ടിവിളിച്ചാല്‍ എന്തോ എന്ന് വിളി കേള്‍ക്കുന്നത് മുതല്‍ ഈ സമൂഹമാണ് ഇവിടെ പാവകളെ സ്രുഷ്‌ടിക്കുന്നത് എന്ന് പറഞ്ഞാല്‍ പാവയല്ല, പാവാട എന്നൊക്കെ പ്രതിധ്വനി ഡയലോഗ് പറഞ്ഞ് മല്‍സരിക്കും. വേദികള്‍ കുറേ പിന്നിട്ട അഭിനേതാക്കള്‍ വിടുമോ? അവര്‍ ആദ്യം അഭ്യര്‍ത്ഥിക്കും 'നാടകത്തിന്‍റെ സുഗമമായ അവതരണത്തിന് ദയവ് ചെയ്ത് ഞങ്ങളോട് സഹകരിക്കുക'. അതാ വരുന്നു അതിനും പ്രതിധ്വനി, 'സഹകരണസംഘം തുടങ്ങാമെടാ!'. നാടകം തുടരുന്നതും ചട്ടമ്പികളുടെ ഉല്‍സാഹഡിഗ്രിയും കൂടും. അവരുടെ മരുന്ന് ഏശിയിരിക്കുന്നു! അപ്പോള്‍ കര്‍ട്ടന്‍ ഒറ്റ വീഴ്ചയാണ്. സഹ്രുദയ കലാസ്‌നേഹികളെ, ഇങ്ങനെയൊരവസ്ഥയില്‍ നാടകം തുടരാന്‍ ബുദ്ധിമുട്ടാണ്, എന്നൊരു മുന്‍ റെക്കഡ് ചെയ്യാത്ത അനൌണ്‍സ്‌മെന്‍റ്, അലറുകയുമല്ല, അപേക്ഷിക്കുകയുമല്ല എന്ന മട്ടില്‍ കര്‍ട്ടന് പിന്നാലെ വീഴും.

ഇനിയാണ് നാടകം. അതു പറയാന്‍ നീയാരാടാ എന്ന് ആക്രോശിച്ചുകൊണ്ടുതന്നെ ചട്ടമ്പിസംഘം സ്‌റ്റേജിലേക്ക് ഇരമ്പിക്കയറുന്നു. 'കാശ് വാങ്ങി ബാഗില്‍ വച്ച് നാടകം തുടരാന്‍ ബുദ്ധിമുട്ടാണെന്നോ' എന്ന് തെറ്റാതെ പറഞ്ഞ് തെറ്റാതെ തന്നെ സീനിയര്‍ നടന്‍റെ കൊങ്ങക്ക് പിടിക്കുന്നു. പ്രതിരോധമുറ അനുസരിച്ച് പിടിത്തം മുറുകണോ, മറ്റ് അഭ്യാസങ്ങളിലേക്ക് നീളണോ എന്ന് തീരുമാനിക്കപ്പെടുന്ന നാടകീയമുഹൂര്‍ത്തത്തില്‍ കാണികള്‍ രണ്ട് നാടകം കണ്ട അനുഭൂതിയില്‍ വീട്ടില്‍പ്പോകുന്നു. പോകുന്ന വഴി കുറച്ചൊക്കെ സാമൂഹ്യസാംസ്‌ക്കാരിക വിമര്‍ശനവും വിതറും. ഉല്‍സവക്കമ്മിറ്റി എവിടെ പൊലീസ് എവിടെ എന്നൊക്കെയാവും വിമര്‍ശനത്തിന്‍റെ രത്‌നം.
ഉല്‍സവക്കമ്മിറ്റി: നാടകവണ്ടി ലാന്‍ഡ് ചെയ്താല്‍ പൈസാ മുഴുവന്‍ നാടകസംഘത്തെ ഏല്‍പിച്ച്, 'ഭക്ഷണം കഴിഞ്ഞേ പോകാവൂ കേട്ടോ' എന്ന് പറഞ്ഞ് മുങ്ങുന്നവര്‍.
പൊലീസ്: എണ്ണത്തില്‍ രണ്ട് പേര്‍. ഗുണത്തില്‍ അത്രങ്ങട് വരില്ല. സംയമനത്തില്‍ ആയിരത്തിലിരുവര്‍. ഉല്‌സവായാല്‍ അടീം പിടീം ഒക്കെ ഉണ്ടാവും എന്ന സാംസ്‌ക്കാരികതത്വം അറിയാവുന്നവര്‍.

മറ്റൊരു സാംസ്‌ക്കാരിക പശ്‌ചാത്തലം കൂടിയുണ്ട് ഈ അരങ്ങേറലുകള്‍ക്ക്. നാടകവണ്ടി നേരത്തേ വരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ മേക്കപ്പിടവേ വില്ലനും നായകനും മുതലാളിയും വേലക്കാരനും ഒത്തൊരുമിച്ച് ഒന്നു നടക്കാനിറങ്ങും. ദാ ഇവിടെ വരെ, ഈ ഷാപ്പ് വരെ. ഷാപ്പില്‍, ചിലര്‍ക്ക് ഷേപ്പില്‍, സേവിച്ചുകൊണ്ടിരിക്കെ ഏതാനും നിമിഷങ്ങള്‍ക്കകം ചട്ടമ്പിമാരാവാന്‍ പോകുന്നവരെ പരിചയപ്പെടുന്നു. മഹാനാടകത്തിന്‍റെ ഒന്നാംരംഗം ആരംഭിക്കുകയായി. ഷാപ്പില്‍ തോളത്ത് കൈയിട്ട് പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും തറക്കല്ലിട്ടവര്‍ ഗോദായില്‍ അസ്തിവാരം തോണ്ടും. ഞങ്ങടെ ഷാപ്പില്‍ വന്ന് മോന്തീട്ട് ഈ സമൂഹം ചീത്തയാണെന്ന് മൈക്കിന്‍റടുത്ത് വന്ന് പറയാന്‍ ഞങ്ങ സമ്മതിക്കില്ല!

പള്ളിപ്പെരുന്നാളുകള്‍ക്കും ഉല്‍സവങ്ങള്‍ക്കും നാട്ടുകര്‍ തമ്മില്‍ കണക്ക് തീര്‍ത്തിരുന്ന കാലം യവന നാടകം പോലെ പോയി. കൊല്ലത്തെ അന്‍സാര്‍ ലോഡ്‌ജ് പോലെ പോയെന്നും പറയാം. കണക്ക് ഇപ്പോള്‍ കളരിയിലല്ല, കളരിയോടാണ്. അതിനാല്‍ ഇനി മുതല്‍ നാടകങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കാനും മതി:
അതായത് നാടകം തുടങ്ങി നാല് മിനിറ്റിനകം അലമ്പന്‍മാരെ കണ്ടുപിടിക്കാം. ഈ നാടകത്തില്‍ നിങ്ങളേവരും ഭാഗഭാക്കാണെന്ന പ്രഖ്യാപനത്തിന് ശേഷം നായിക സദസിലേക്കിറങ്ങി അലമ്പന്‍മാരില്‍ നേതാവിന്‍റെ കാല്‍ക്കല്‍ വീണ് അവനെ ചങ്ങലയണിയിക്കുക. നാല് മിനിറ്റ് കഴിഞ്ഞ് അടുത്തവന്‍റെ കാലിലും ചങ്ങലമാല കുരുക്കുമ്പോള്‍ ഇനി എന്‍റെ, ഇനി എന്‍റെ എന്ന നിലവിളിയുണരും. അപ്പോള്‍ നമ്മളെല്ലാം ഇരകളാണെന്ന ഡയലോഗോ മറ്റോ ഉരുവിട്ട് ഓരോരുത്തന്‍റേം വായില്‍ പ്‌ളാസ്‌റ്റര്‍ ഒട്ടിക്കുക. നാടകാന്ത്യം ഇനി സ്വതത്രരാകൂ എന്ന് പാടിക്കൊണ്ട് ചങ്ങല അഴിച്ചെടുക്കാം. അടുത്ത കളി കളിക്കേണ്ടേ?

മറ്റ് നാടക വര്‍ത്തമാനങ്ങള്‍ക്ക്:
http://varthapradakshinam.blogspot.com/2011/01/blog-post_31.html

No comments:

Blog Archive