Search This Blog

Monday, October 10, 2011

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ റേപ് ചെയ്യുന്നവര്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് റേപ് ചെയ്യപ്പെട്ട കാര്യവും അതേതുടര്‍ന്ന് മരിച്ച കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ നിക്കോളാസ് ഡി ക്രിസ്‌റ്റോഫ്. തലസ്‌ഥാനനഗരമായ ഫ്രീ ടൌണില്‍ (എന്തൊരു സുശീലമായ പേര്!) റേപ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ നിരവധിയാണ്. ഗൊണോറിയ പിടി പെട്ട മൂന്നു വയസുകാരി ജെസീക്ക എന്താണെന്ന് രോഗമെന്നറിയാതെ സെന്‍ററുകളൊന്നില്‍ കളിപ്പാട്ടവുമായി ഇരിക്കുന്നത് ക്രിസ്‌റ്റോഫ് കണ്ടു. എട്ടും പത്തും വയസുള്ള പെണ്‍കുട്ടികളാണത്രെ രോഗികളില്‍ 26 ശതമാനവും. ആഭ്യന്തര കലാപം ദിനചര്യ പോലെയായ കോംഗോയിലും സിയറ ലിയോണിലും മറ്റും കലാപം അടങ്ങി സമാധാനം സ്‌ഥാപിക്കപ്പെടുമ്പോള്‍ പുരുഷന്‍മാര്‍ ചെയ്യുന്ന പ്രധാന പരിപാടിയാണ് റേപ്. പട്ടിണിയും ക്ഷാമവും പിടിച്ചുപറിയും പോലെ മറ്റൊരു വ്യാധിയാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും.

ടാജോ എന്നൊരു ഏഴാം ക്‌ളാസുകാരിയെ ക്രിസ്‌റ്റോഫ് കണ്ടു. ഒരു സന്ധ്യക്ക് വീടിനടുത്തുള്ള കക്കൂസില്‍ പോയ അവള്‍ മടങ്ങുമ്പോള്‍ സ്‌ഥലത്തെ പ്രധാന പ്രമാണി അവളെ ചരല്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞ്, അവളെ പ്രാപിച്ചു. നാളുകള്‍ക്കകം അവള്‍ക്ക് ലൈംഗികരോഗം (Sexually Transmitted Disease) ഉള്ളതായി ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ് അവള്‍ കുറ്റം സമ്മതിച്ചത്. പ്രമാണിക്കെതിരെ പരാതിക്ക് പോയ അവളുടെ വീട്ടുകാരെ കാശുകാരെ പറ്റിച്ച് കഴിയുന്ന കൂട്ടരാക്കി പൊലീസ് മുദ്രയടിച്ചു. പ്രമാണിയാണ് സഹായത്തിന് വന്നത്. ഇനി ആരോടും പറയാതിരിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കാമെന്ന് അദ്ദേഹം. അങ്ങനെ പഠിച്ച് ഒരു ഡോക്‌ടറാവുകയാണ് ലക്‌ഷ്യമെന്ന് ടാജോ ലേഖകനോട് പറഞ്ഞു. അയാളെയെങ്ങാനും അറസ്‌റ്റ് ചെയ്താല്‍ ഭാവി അപകടത്തിലാവുമെന്നും.

No comments:

Blog Archive