Search This Blog

Saturday, May 10, 2008

ലളിതഗാനങ്ങളെക്കുറിച്ച്

ചലച്ചിത്രങ്ങള്‍ക്കായി ചമക്കുന്ന പാട്ടുകള്‍ ചലച്ചിത്രങ്ങളേക്കാള്‍ വലുതാവുന്ന കാഴ്ചയാണ്‌ മലയാളം ഇപ്പോഴും കണ്ടു പോരുന്നത്‌. ഗാനം സൃഷ്ടിക്കുന്ന ലോകത്തിനുതകുന്ന കാഴ്ചയൊരുക്കാന്‍ നമ്മുടെ സിനിമകള്‍‌ക്ക്‌ കഴിയുന്നില്ല. സംഗീതരംഗത്ത്‌ അതെപ്പറ്റി 'അറിയാവുന്നവര്' സിനിമാരംഗത്ത്‌ അതെപ്പറ്റി അറിയാവുന്നവരേക്കാള്‍ കൂടുതലുണ്ടെന്നതാണ്‌ അതിന്‌ കാരണം. ചലച്ചിത്രത്തിന്‌ പുറത്ത്‌ ചലനമുണ്ടാക്കിയ എത്രയോ പാട്ടുകള്‍ നാടന്‍, നാടക, ലളിത, ഭക്തി, ടിവി സീരിയല്‍ ഗാനശാഖകളിലുണ്ട്‌. അത്തരം ചില പാട്ടുകളെക്കുറിച്ചുള്ള 'മൂളിപ്പാട്ടാ'ണ്‌ ഈ കുറിപ്പ്‌.

സിന്ധുവില്‍ നീരാടി ഈറനായി അമ്പലമുറ്റത്ത്‌ വന്നു നില്‍ക്കുന്ന സുന്ദരി ആല്‍മരച്ചോട്ടില്‍ കണ്ണയക്കുന്നത്‌ കണ്ട്‌ ആലപ്പി രങ്കനാഥിന്‍റെ ഗായകന്‍ പാടുന്നു:
പ്രണയരാഗങ്ങള്‍ പകരും ഞാന്‍ കാതില്‍
പ്രിയേ എന്നോമലേ നീയുറങ്ങാന്‍
നറുപുഷ്പശയ്യാതലമൊരുക്കാം
ഞാനെന്‍ കുളിരും ചൂടും നിനക്കു നല്‍കാം.

'ആരോ കമിഴ്ത്തി വച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍, ഗിരീഷ്‌ പുത്തഞ്ചേരിയുടെ പല സിനിമാപ്പാട്ടുകളേയും നിഷ്പ്രഭമാക്കുന്ന ഉത്സവഗാനമാണ്‌. കവിതാഗുണം ചോരാതെ വിദ്യാസാഗര്‍ ആ ഗാനത്തിന്‌ നല്‍കിയ ഈണവും 'പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിമേലെ ആദ്യത്തെ ചുംബനം' പോലെ ഹൃദ്യമായിരുന്നു. അതേ ആല്‍ബത്തില്‍ (ഉത്സവഗാനങ്ങള്‍, തരംഗിണി) വിജയ്‌ യേശുദാസും സുജാതയും പാടിയ 'ചന്ദനവളയിട്ട കൈ കൊണ്ട്‌ ഞാന്‍' മലയാളത്തിലെ മികച്ച പ്രേമഗാനങ്ങളില്‍ പെടും. ഓമനേ നിന്‍ കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക്‌ മുഖം കറുത്തു എന്ന്‌ യൂസഫലി കേച്ചേരിയുടെ സ്വരം പാടുന്നു (വിദ്യാധരന്റെ സംഗീതമ്). പ്രേമഗാനങ്ങള്‍ ലളിതഗാനകസറ്റുകളില്‍ ' ഇടനെഞ്ചിലെ പ്രാവുപോല്‍ കുറുകിയിരുന്നെങ്കില്‍ ഇന്നത്തെ ആല്‍ബങ്ങളില്‍ 'ഝിമിക്കി ഝങ്കാര'മായി പെരുമ്പറ മുഴക്കുന്നത്‌ ഓര്‍ക്കെസ്ട്രേഷന്റെ മാത്രം കുഴപ്പമല്ല, കാലത്തിന്റേതു കൂടിയാണ്‌.

ലൈംഗികത എത്രയോ സിനിമാപ്പാട്ടുകളിലുള്ളതിനേക്കാള്‍ മധുരമായി വിതാനിച്ചിരിക്കുന്നു ബിച്ചു തിരുമലയും കണ്ണൂര്‍ രാജനും തരംഗിണിയുടെ 'ഹൃദയാഞ്ജലി'യില്‍! അധരം മധുരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ യേശുദാസ്‌ പാടുന്നു:
'പാതിരാവായി പ്രകൃതിയുറങ്ങി
മണിനിലാവേ തിരി താഴ്ത്തൂ
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍
ശ്രുതിയായ്‌ ലയമായ്‌ അലിഞ്ഞോട്ടെ''.

പ്രേമത്തേയും കാമത്തേയും പോലെ ഭക്തിയുടെയും നിറയാപ്പാത്രം നിറക്കാന്‍ ഒരുപാട്‌ ഫാസ്റ്റ്ഫുഡ്കാര്‍ നമുക്കുണ്ടായി. എങ്കിലും ഓര്‍ക്കാന്‍ കൊള്ളാവുന്ന ഇത്തിരിയെങ്കിലും ഈരടികള്‍ ഭക്തിഗാനങ്ങളിലും അപൂര്‍വം അവതരിച്ചു. കാനനവാസന്റെ കേശാദിപാദം തൊഴുന്ന മുതല്‍ എന്‍ ജീവതാലം നിറയെ നീ തന്ന നിര്‍മ്മാല്യം എന്ന സമ്പൂര്‍ണ്ണസാഷ്ടാംഗം വരെ; ഹിമവന്‍ മുകളില്‍ പിറക്കുന്ന ഗംഗയാറ് മുതല്‍ ചെമ്പൈക്ക്‌ നാദം നിലച്ചപ്പോള്‍ കണ്ഠം കൊടുത്തവന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരെ; രക്ഷകാ എന്റെ പാപഭാരമെല്ലാം തീര്‍ക്കണേ എന്ന അപേക്ഷ മുതല്‍ എന്തതിശയമേ എന്ന പ്രതീക്ഷ വരെ ഭക്തിഗാനങ്ങളില്‍ എഴുന്നള്ളി.

ഭക്തി ദേശത്തോടും വിപ്ളവപ്രസ്ഥാനങ്ങളോടും വ്യാപിച്ചത്‌ പാട്ടുകള്‍ക്കും ശാഖോപശാഖകളുണ്ടാക്കി. കെപി്‌എസിയുടെ ബലികുടീരങ്ങള്‍ മുതല്‍ ഏഷ്യനെറ്റിന്റെ സസ്യശ്യാമള..കേരളപ്പാട്ട്‌ വരെ അത്തരം ഗാനങ്ങള്ക്ക്‌ സ്വന്തമായി ഐഡന്റിറ്റിയുണ്ടാകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. അലീഷ ചിനോയിയുടെ 'മെയ്ഡ്‌ ഇന്‍ ഇന്‍ഡിയ' ദേശഭക്തി-പോപ്‌-ഫ്യൂഷന്‍ ഉല്‍പത്തിന്‌ എന്തുമാത്രം മാര്‍ക്കറ്റുണ്ടെന്ന്‌ റെക്കോഡിട്ട്‌ തെളിയിച്ച ആല്‍ബമാണ്‌.

മണിയുടേയും കുട്ടപ്പന്‍റേയും നാടന്‍ പാട്ടുകള്‍, ഉമ്പായിയുടേയും രമേഷ്‌ നാരായണിന്‍റേയും ഗസലുകള്‍, ശ്രീശാന്തിനായി മധു ബാലകൃഷ്ണന്‍ ആലപിച്ച ക്രിക്കറ്റ്‌ ഗാനങ്ങള്‍, പരസ്യജിംഗിളുകള്‍... ചലച്ചിത്രത്തിന്‌ പുറത്ത്‌ നമ്മുടെ പാട്ടുമരം പടരുകയാണ്‌. വ്യത്യസ്തനാമൊരു ബാര്‍ബറിനും ബൂട്ടിനും അപ്പുറം രക്ഷയില്ലെന്ന്‌ കരുതരുത്‌. കരിമൊട്ടിന്‍ കഥയും, ശരത്‌ പൂര്‍ണ്ണിമ യാമിനിയും, ഒരു നുള്ള്‌ കാക്കപ്പൂവും, മാവ്‌ പൂത്ത പൂവനങ്ങളും നമുക്കുണ്ട്‌. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍മ്മ വരുന്നു:

'പണ്ട്‌ പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേയെന്‍ മുരളി കൊണ്ടുപോകരുതേ!'

http://www.pravasam.com/MAY2008-sunil-cinimaonam.htm

8 comments:

rathisukam said...

'ആരോ കമിഴ്ത്തി വച്ചോരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍, ഗിരീഷ്‌ പുത്തഞ്ചേരിയുടെ പല സിനിമാപ്പാട്ടുകളേയും നിഷ്പ്രഭമാക്കുന്ന ഉത്സവഗാനമാണ്‌. കവിതാഗുണം ചോരാതെ വിദ്യാസാഗര്‍ ആ ഗാനത്തിന്‌ നല്‍കിയ ഈണവും 'പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിമേലെ ആദ്യത്തെ ചുംബനം' പോലെ ഹൃദ്യമായിരുന്നു. അതേ ആല്‍ബത്തില്‍ (ഉത്സവഗാനങ്ങള്‍, തരംഗിണി) വിജയ്‌ യേശുദാസും സുജാതയും പാടിയ 'ചന്ദനവളയിട്ട കൈ കൊണ്ട്‌ ഞാന്‍' മലയാളത്തിലെ മികച്ച പ്രേമഗാനങ്ങളില്‍ പെടും. ഓമനേ നിന്‍ കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക്‌ മുഖം കറുത്തു എന്ന്‌ യൂസഫലി കേച്ചേരിയുടെ സ്വരം പാടുന്നു (വിദ്യാധരന്റെ സംഗീതമ്). പ്രേമഗാനങ്ങള്‍ ലളിതഗാനകസറ്റുകളില്‍ ' ഇടനെഞ്ചിലെ പ്രാവുപോല്‍ കുറുകിയിരുന്നെങ്കില്‍ ഇന്നത്തെ ആല്‍ബങ്ങളില്‍ 'ഝിമിക്കി ഝങ്കാര'മായി പെരുമ്പറ മുഴക്കുന്നത്‌ ഓര്‍ക്കെസ്ട്രേഷന്റെ മാത്രം കുഴപ്പമല്ല, കാലത്തിന്റേതു കൂടിയാണ്‌.

ബൈജു (Baiju) said...

നല്ല പോസ്റ്റ്. ഇതുകാണുവാന്‍ വൈകി. മികച്ച ഉത്സവഗാനങ്ങള്‍ പലതും ഓര്‍മ്മിപ്പിച്ചതിനു നന്ദി. "പറയൂനിന്‍ ഗാനത്തില്‍", "മാമാങ്കം" "തോണിക്കാരനും.." അങ്ങനെ എത്രയെത്ര ഗാനങ്ങള്‍.....

ശ്രീ said...

ലളിതഗാനങ്ങള്‍ എനിയ്ക്കും വളരെ വളരെ ഇഷ്ടമാണ്.

ആരോ കമിഴ്ത്തി വച്ചോരോട്ടുരുളി പോലെ... ഈ ഗാനമെല്ലാം എത്ര തവണ കേട്ടു കാണുമെന്ന് ഒരു നിശ്ചയവുമില്ല.
ദൂരെയാണ് കേരളം..., ഈ മരുഭൂവില്‍ പൂവുകളില്ല..., അകലേ ഓണം പുലരുമ്പോള്‍..., പൂക്കളം കാണുന്ന പൂമരം പോലെ...

അങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങള്‍... അതു പോലെ അവസാനമെഴുതിയ “പണ്ടു പാടിയ...” ഇതും എനിയ്ക്കേറെ ഇഷ്ടമാണ്.

ഈ പോസ്റ്റിനു നന്ദി.
:)

ഹരിശ്രീ said...

ലളിതഗാനങ്ങള്‍ എനിക്കും ഏറെ ഇഷ്ടമാണ്.

ദാസേട്ടന്റെ പഴയതും പുതിയതുമായ ഗാനങ്ങള്‍ ശേഖരിക്കുന്നത് എന്റെ ഒരു ഹോബിയാണ്. താങ്കള്‍ വിവരിച്ച പലഗാനങ്ങളും എന്റെ ഇഷ്ടഗാനങ്ങളാണ്...

അതില്‍ തന്നെ ഉത്സവഗാനങ്ങളില്‍ “ ദൂരെയാണുകേരളം പോയ് വരാമോ പ്രേമദൂതുമായ് തെന്നലേ പോയ് വരാമോ..” എന്ന ദാസേട്ടന്‍ പാടിയ ഒരു ഗാനം ഏതൊരു പ്രവാസിയുടേയും കണ്ണിനെ ഈറനണിയിക്കും/....

നന്ദി.

:)

എതിരന്‍ കതിരവന്‍ said...

ലളിതഗാനങള്‍ കസ്സെറ്റുവഴി പ്രചാരം നേടിയ കാലം കഴിഞ്ഞുപോയില്ലെ?. മലയാളിയുടെ കാല്‍പ്പനിക മൂഡും മാറി. വീഡിയോ ആല്‍ബങ്ങളായി.

എന്നാലും ഇങ്ങനെ ഒരു കാലഘട്ടമുണ്ടായിരുന്നത് നന്നായി എന്നോറ്ക്കാം.

“ജീര്‍ണ്ണതമാല ദലങ്ങള്‍ മൂടി
ഈ വഴി മറയുന്നു
ജീവനിലൊരു ജനനാന്തര സൌഹൃദ
സൌരഭമണയുന്നു....”.
(‘വാസന്ത ബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു...’എന്ന പാട്ടില്‍)

‘പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ...”മറ്റൊന്ന്.

കണ്ണൂസ്‌ said...

ലളിത ഗാനങ്ങള്‍ മാത്രമല്ല, നാടക ഗാനങ്ങളും പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ലേ? ഇപ്പോഴത്തെ പ്രൊഫഷണല്‍ നാടകങ്ങളില്പാട്ടുണ്ടോ എന്നു തന്നെ അറിയില്ല.

എന്റെ ഓര്‍മ്മയിലുള്ള ചില ലളിത ഗാനങ്ങള്‍

അന്നക്കിളി വര്‍ണ്ണക്കിളി കൊത്തിയെടുത്തൊരു അരമണി ഇളമണി കാ മണിയില്‍
ആയിരത്താണ്ടിനു തണലിടേണ്ടുന്ന-
രയാല്‍ മരമുറങ്ങി...

മിഴികളില്‍ നിന്റെ മിഴികളില്‍ ഞാനെന്‍
മിഴിയാലെന്ന്റ്റെ സ്വര്‍ഗ്ഗം തേടുന്നു

ശങ്കരധ്യാന പ്രകാരം ജ്പിച്ചു ഞാന്‍
അമ്പലം ചുറ്റുന്ന നേരം

കവിതേ വരദേ ഒരു ചുംബനത്തില്‍
കരളില്‍ വിരിയും ഒരു സ്വാന്ത്വനത്തില്‍

(ബിച്ചു-രവീന്ദ്രന്‍-യേശുദാസ്-തരംഗിണി കോം‌പിനേഷന്‍ ആയിരുന്നു ലളിതഗാനം അല്ലേ? ഉദയഭാനു മാഷ് ആകാശവാണിയില്‍ പഠിപ്പിച്ചിരുന്ന ഗാന്നങ്ങള്‍ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?)

Unknown said...

പണ്ടു പാടിയ പാട്ടിൽ ഒരെണ്ണം ചുണ്ടിലൂറുമ്പോ

can i get this mp3 file?. it wud be highly appreciated if u can send me the file or link 2 download !

my id is vijishuk@yahoo.co.in

tnx n advance

Regards

Sreekumar said...

അന്നക്കിളി വർണ്ണക്കിളി എന്ന ഗാനം എവിടെ കിട്ടും? യൂട്യൂബ് മുഴുവനും തെരഞ്ഞു. പക്ഷേ കിട്ടിയില്ല. കിട്ടിയാൽ ദയവായി ഒന്ന് ഷെയർ ചെയ്യണം.

Blog Archive