Search This Blog

Saturday, April 18, 2009

അനീഷ് ചോപ്രയുടെ നിയമനം പോലെ ഒരു കഥ

ഒരു കഥയെഴുതാമെന്ന് വിചാരിക്കുകയാണ്. കാലികപ്രസക്തി എന്നൊരു സം‌ഗതിയുള്ളതിനാല്‍ സാമ്പത്തികമാന്ദ്യം കഥാബീജത്തില്‍ മോരില്‍ പുളിയെന്നപോല്‍ ഉണ്ടാവണം‌. കഥ ഐ പി എല്‍ പോലെ ബോറാവരുത്; ഇറാനിലെ തൂക്ക് പോലെ സര്‍വസാധാരണമാവരുത്; ആഞ്ജലീന ജോളിയുടെ ഗര്‍ഭം പോലെ ‘അതിന് ഞാനെന്ത് വേണം’ ആവരുത്; ഡേവിഡ് ബെക്കാം മോട്ടോറോള പരസ്യത്തിനായി ടെര്‍‌മിനേറ്റര്‍ ആയതു പോലെ വേഷം കെട്ടലാവരുത്. ബട്ട്, അമേരിക്കന്‍ ടെക്നോളജി ഓഫീസര്‍ അനീഷ് ചോപ്രയുടെ നിയമനം പോലെ ‘!’ തോന്നിപ്പിക്കണം, പോസ്റ്റ്-റിസഷന്‍ കഥ.

ഒരുത്തന് ജോലി പോകുന്നതാവും കഥാ ഉള്ളടക്കം എന്നാവും എല്ലാരും കരുതുക. അത് മലര്‍ത്തിയടിക്കണം‌. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ പ്രശ്നമല്ല, പിരിച്ചുവിടല്‍ കല്‍പ്പന പുറപ്പെടുവിക്കുന്നവനും ഒരു വേദന കാണുമല്ലോ. ഏറെ നാള്‍ ഒരുമിച്ച് ചായകുടിച്ച്, കല്‍പ്പനകളൊക്കെ ശിരസാവഹിച്ച്, പറയുന്ന തമാശക്കൊക്കെ ചിരിച്ച ഒരു കീഴ്ജീവനക്കാരനോട് നാളെ മുതല്‍ വരേണ്ട എന്നു പറയുന്നതിലെ മാനേജരുടെ ഒരു ‘ഇത്’ആവണം ഫോക്കസ്. വേണമെങ്കില്‍ ഈ മാനേജര്‍ മിക്കപ്പോഴും കീഴന്‍‌ എം‌പ്ലോയിയുടെ വീട്ടീന്ന് ശാപ്പാടുന്നവനും, വിഭാര്യനും വിമക്കളനും ആയതിനാല്‍ കീഴന്‍-വീട്ടില്‍ സന്തോഷം കണ്ടെത്തുന്ന വിഭീഷണനുമാവട്ടെ. ആദ്ദേഹത്തിന് കീഴന്‍-ഭാര്യയോട് അവിഹിതം‌? കള! അത് ചിദം‌ബരത്തിലെ മുനിയാണ്ടി പോലാവും. സിവി ശ്രീരാമനും അരവിന്ദനും പോയിട്ട് കാലമെത്രയായി!

അങ്ങനെ നേരം പുലരുന്നു. ഉറക്കമൊഴിഞ്ഞ രാത്രിപിറ്റേന്ന് മനേജര്‍ വധശിക്ഷ വിധിക്കാനുള്ള തയ്യാറെടുപ്പോടെ ഓഫീസിലേക്ക്. അവിടെ ചെന്നപ്പോള്‍ ഒരു കഷണം ട്വിസ്റ്റ്. പിരിച്ചുവിടല്‍ ഭീഷണി ഭയപ്പെട്ട കുറേ കീഴന്‍‌മാര്‍ ചേര്‍ന്ന് മാനേജരെ ഒരു മുറിയിലിട്ട് പൂട്ടട്ടെ. ‘ബോസനാപ്പിങ്ങ്’ എന്നോ മറ്റോ പറയും. പ്രിയ ബോസിനെ പ്രിയ കീഴന്‍ പിന്‍‌വാതില്‍ തുറന്ന് സ്വതന്ത്രനാക്കുന്നിടത്ത് കഥ തീരുന്നില്ല. അത് വായനക്കാരുടെ മനസിലും തീരില്ലല്ലോ.

2 comments:

ആദി said...

ഏതായാലും വിഷയദാര്യദ്രം അനുഭവിക്കുന്ന എന്നെ പോലുള്ള പുതുബ്ലോഗേർസിസിനാണ് ഇത് ഉപകാരപെടുന്നത്, നന്ദി..

ManojMavelikara said...

kollam makkaaleeeeee

Blog Archive