Search This Blog

Thursday, August 13, 2009

ഡോക്ടർ ഷെർലി വാസുവിന്റെ പോസ്റ്റ്മോർട്ടം ടേബിൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ. സ്വാഭാവികമരണങ്ങളും കത്തിക്കുത്തും തൂങ്ങിമരണവും ഗളതാഡനവും മുങ്ങിമരണവും തീമരണവുമൊക്കെയാണ് വിഷയങ്ങൾ - ചെറിയൊരു കൈപ്പിഴയാൽ അധമസാഹിത്യത്തിലേക്ക് കൂപ്പ്കുത്തുമായിരുന്ന അസംസ്കൃത മരണങ്ങൾ ഷെർലിയുടെ കൃതഹസ്തതയാൽ ജീവിതത്തെക്കുറിച്ചുള്ള പഠനപ്രബന്ധമാകുന്നു. അതിൽ കണ്ടുമുട്ടുന്ന കഥകളിലും കഥാപാത്രങ്ങളിലും ഒരു പക്ഷേ നാം തട്ടിവീണേക്കാം.

15 വർഷം മുൻപ് കാസർകോട് റെയിൽ‌വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ദേഹത്ത് ADIS എന്നെഴുതി വച്ചത് കണ്ടത് എയിഡ്സ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട അജ്ഞാതസുന്ദരിയുടെ മൃതദേഹം; ഓർത്തോപീഡിക്സ് പ്രഫസറായിരുന്ന ഡോ പി എ അലക്സാണ്ടർ, യൂറിത്രോസ്കോപ്പി എന്ന സർജറി നടത്തിക്കൊണ്ടിരുന്ന ഒരു ഡോക്ടറിന്റെ കൂടെ കൌതുകത്തിനു പരിശോധനയിൽ ചേരുകയും മൂത്രത്തിൽ ചോര വരുന്ന പ്രശ്നമുണ്ടായിരുന്ന അലക്സാണ്ടർ അതേ ടേബിളിൽ കിടക്കുകയും, ബ്ലാഡറിനകത്തെ പാപ്പില കരിച്ചു കളയുന്ന പ്രക്രിയയിൽ ബ്ലീഡിങ്ങ് ഉണ്ടാവുകയും രക്തം മാറിയ കൂട്ടത്തിൽ ഒരു എയിഡ്സ് രോഗിയുടെ രക്തം ചേരുകയും മരണമടയുകയും ചെയ്ത സംഭവം നമ്മുടെ മെഡിക്കൽ രംഗത്തെ കെടുകാര്യസ്ഥതയെ ഓർമ്മിപ്പിക്കുന്നത്; പോസ്റ്റ്മോർട്ടത്തെ എം.ജി.ആരിന്റെ വാൾപറ്യറ്റിനോടുപമിച്ച് ഒരിക്കൽ പോസ്റ്റ്മോർട്ടത്തിനിടെ, ‘എം. ജി. ആർ. പോസ്റ്റ്മോർട്ടം ചെയ്യുകയാണ് മാറിനിന്നോളൂ ’ എന്ന് പറഞ്ഞ ഒരു ഡോക്ടർ;

സുഷുപ്തിമരണം (ടഗലോഗ് ഭാഷയിൽ ബാൻബൻ‌ഗട്ട്)സംഭവിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടയാതെയും തിങ്ങി നിറഞ്ഞ മുടിയും താടിയും അലങ്കോലപ്പെടാതെയും പോസ്റ്റ്മോർട്ടം ടെബിളിൽ കിടന്ന പത്മരാജൻ; ടി.പി.കിഷോറിന്റെ കഥകളിലെന്ന പോലെ ഭയചകിതയാക്കുന്ന പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ പത്മരാജനുമായി ‘ബന്ധ’മുണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാനാവാതെ പോയത്; പോകേണ്ടിയിരുന്ന ബസ് കിട്ടാഞ്ഞതിനാൽ പിന്നാലെ വന്ന സ്കൂട്ടർ യാത്രികനെ കൈ കാട്ടി നിർത്തി അതിന്റെ പിന്നിൽ കയറി അതേ ബസിനെ ഓവർടേക്ക് ചെയ്യുകയും ബസിൽ കയറുകയും ആ ബസ് അല്പസമയത്തിനകം അപകടത്തിൽ‌പ്പെടുകയും മരണമടയുകയും ചെയ്ത സി.എച്ച്. ഹരിദാസ്; മലപ്പുറം പൂക്കിപ്പറമ്പിൽ ഗുരുവായൂർ-കോഴിക്കോട് ബസ് കത്തിയപ്പോൾ (2001 ൽ) ബസിലുണ്ടായിരുന്ന ഒരമ്മ തന്റെ ശിശുവിനെ പുറത്തേക്കെറിഞ്ഞു കൊടുക്കാൻ ശ്രമിച്ചെങ്കിലും ചൂട് കാരാണം ആർക്കും അടുത്തെത്താൻ പറ്റാത്തതിനാൽ ദൌത്യം പരാജയപ്പെട്ടത്; കത്തിക്കരിഞ്ഞ ഒരു ജഡത്തിന്റെ ശാരീരികവിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ, ‘ശരിയാണ് നൂറു ശതമാനം ശരിയാണ്’ എന്നു പറഞ്ഞ് ബോധശൂന്യനായി വീണത്; പിന്നീട് പത്രത്തിൽ മരണപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ ആ മകന്റെ ഛായയിലുള്ള അച്ഛന്റെ ചിത്രം വന്നത്;

തിക്കുറിശ്ശിയുടെ മകൾ കനകശ്രീ ഭർത്താവിന്റെ ബൈക്ക്വീലിൽ സാരി കുടുങ്ങി മരിച്ചത്; വളപട്ടണത്ത് വാഹനം നിരോധിച്ച ഒരു രാത്രിയിൽ നടുറോഡിൽ ഷർട്ടഴിച്ച് തലയണയാക്കി ഉറങ്ങിയ ആളെ വണ്ടി കയറി മരിച്ച നിലയിൽ കണ്ടതും നിരോധിത സമയമായതിനാൽ ലൈറ്റിടാതെ പോയ ഡ്രൈവർ കുറ്റം സമ്മതിച്ചതും; നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങളും മനുഷ്യക്കുരുതികളും കാരണം തലശേരിയിലെ കതിരൂരിൽ കല്യാണാലോചനകളൊന്നും കടന്നു ചെല്ലാത്തതിൽ പരിഭവിച്ച് ‘ചെറുവാല്യക്കാരുടെ കളി കാരണം നാട്ടിലൊരു മംഗലം കൂടിയ കാലം മറന്നു’ എന്നാരോ പറഞ്ഞത്; അങ്ങനെ ഒരുപാട് സംഭവങ്ങൾ, ചിത്രങ്ങൾ.. (അവസാനിക്കുന്നില്ല)

No comments:

Blog Archive

Follow by Email