Search This Blog

Monday, December 7, 2009

അന്‍റോണിയോണി ബ്ളോ-അപ്

സിനിമ: ബ്ളോ-അപ്
സംവിധാനം: മൈക്കിളാഞ്ജലോ അന്‍റോണിയോണി

വാക്കുകളാല്‍ പറയാനാവാത്തത് ചിത്രങ്ങളിലൂടെ പറയുന്ന സിനിമ. എടുക്കുന്ന ഫോട്ടോകള്‍‍ക്ക് 'ഇരകളാകുന്ന' സ്ത്രീകളേക്കാളും, അവര്‍ നിര്‍ലോഭം 'ഓഫര്‍' ചെയ്യുന്ന എന്തിനേക്കാളും സ്വന്തം ചിത്രങ്ങള്‍ പ്രിയപ്പെട്ടതായി കണക്കാക്കുന്ന ഒരു ലണ്ടന്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍. ചിത്രങ്ങളാണ്, അവ പൊലിപ്പിച്ചെടുത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സ്‌ക്രീനില്‍ തോന്നുമെങ്കിലും, അയാളുടെ സത്യം. അച്ചടക്കമില്ലാത്ത, പക്ഷേ അര്‍പ്പിത ഫോട്ടോഷൂട്ട് ജീവിതത്തിനിടയില്‍ സ്വന്തം ധാരണകളെ നെഗറ്റീവാക്കുന്നത് അയാളെടുത്ത മറ്റൊരു ഫോട്ടോയാണ്. ഒരു ഗാര്‍ഡനില്‍ ആശ്ലേഷിതരായി നില്‍ക്കുന്ന മിഥുനങ്ങളില്‍ സ്ത്രീ മറ്റെന്തിനെയോ പരതുന്നത് ഫോട്ടോഗ്രാഫറുടെ കാമറ ഒപ്പിയെടുക്കുന്നതും മുതല്‍ സസ്പെന്‍സ് ഉളവാക്കും. ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ ബ്ളോ-അപ് ചെയ്തു. സ്ത്രീ കണ്ണുകളാല്‍ പരതിയ സ്ഥാനത്താണോ ഒരു ഡെഡ്ബോഡി കിടക്കുന്നു. നായകനു മരുന്ന് വിഷമായി മാറിയ അവസ്ഥ.
ഫോട്ടോയെടുക്കാന്‍ വസ്തു വേണമെന്ന് ശഠിക്കണോ എന്ന് ചിന്തിപ്പിക്കുന്നതാണ്, പിള്ളാര്‍ ബോളില്ലാതെ ബാഡ്‌മിന്‍റണ്‍ കളിക്കുന്ന ചിത്രാന്ത്യം. അവശേഷിക്കുന്നത് പച്ചപ്പുല്‍ത്തകിടി മാത്രം. സാദാ ട്രീറ്റ്‌മെന്‍റില്‍ നിന്നും മാറി കളര്‍ ഫോട്ടോഗ്രഫിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്ന, അറുപതുകളുടെ വിചാരധാരകളെ ഒപ്പിയേടുക്കുന്ന ഈ അന്‍റോണിയോണി കളര്‍ഫുള്‍ ചിത്രം (1966) കൂടുതലും ഒരു അസ്‌തിത്വവാദ പ്രസ്താവനയാണ്.

Blog Archive