Search This Blog

Friday, February 5, 2010

നാടകഭൂതവര്‍ത്തമാനങ്ങള്‍

നന്‍മ-തിന്‍മകള്‍ മനുഷ്യാത്മാക്കളുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ധാര്‍മ്മിക നാടകങ്ങള്‍ക്ക്‌ ഇപ്പോഴും നല്ല വളക്കൂറുള്ള മണ്ണാണ്, കേരളത്തിലെ ഉത്സവനാടകവേദികള്‍. കഷ്ടവശാല്‍ ധാര്‍മ്മികതയെപ്പോലെ ഉത്സവനാടകങ്ങളും ഇപ്പോള്‍ അന്ത്യരംഗം കളിച്ചു കൊണ്ടി രിക്കുകയാണ്. ഇംഗ്ളീഷ്‌ നാടകക്രുത്ത്‌ ജോണ്‍ സ്കെല്‍ട്ടന്‍റെ 'മാഗ്‌നിഫിസന്‍സ്‌' എന്ന പദ്യനാടകത്തിലെ (1515) പ്രധാന കഥാപാത്രം സ്വന്തം ഉദാരതയാല്‍ മലീമസമാവുകയും നന്‍മകളുടെ അമൂര്‍ത്ത കഥാപാത്രങ്ങള്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട്‌ സംവദിച്ചതിനാല്‍ 'വിവേകി'യായിതീരുകയും ചെയ്ത പോലെ ഒരു ശുദ്ധികലശം നമ്മുടെ നാടകവേദിയിലും സംഭവിക്കേണ്ടിയിരിക്കുന്നു. ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ കുവൈറ്റില്‍ വപ്പോള്‍ പങ്കു വെച്ച ഒരു കാര്യം അദ്ദേഹത്തിന്റെ കൂടെ നിന്ന ഒരു സഹായി ഗള്‍ഫില്‍ ജോലി കിട്ടിപ്പോയെന്നാണ്. നല്ല നാടകശ്രമങ്ങള്‍ നാട്ടില്‍ നിന്നും കുടിയേറിപ്പോയി എന്നൊക്കെ പറയുന്നത്‌, തമിഴ്‌ രാജാപ്പാര്‍ട്ട്‌ നാടകങ്ങളിലേതു പോലെ അതിഭാവുകത്വമാര്‍ന്നതാണെങ്കിലും അതില്‍ സത്യത്തിന്‍റെ പല്ലി ചിലക്കുന്നുമുണ്ട്‌.

കുവൈറ്റില്‍ മലയാള നാടകപ്രേമികളുടെ പുതിയ സംഘം, 'ഫ്യൂച്ചര്‍ ഐ' ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുന്നത് പ്രവാസി മലയാളികള്‍ക്ക് ഈ രംഗകലയോടുള്ള ആദരവിന്, തിരശ്ശീല വീണിട്ടില്ലെന്ന് മറയില്ലാതെ കാട്ടുന്നു.
മല്ലയുദ്ധങ്ങള്‍ നടത്താന്‍ പുരാതന ഗ്രീസില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ആംഫി തിയറ്ററില്‍ നിന്നും ജനമദ്ധ്യത്തില്‍ നാടകം കളിക്കുന്ന അരീനാ തീയറ്ററിന്‍റെ ആധുനിക വ്യതിയാനങ്ങളിലേക്കുള്ള നാടകത്തിന്‍റെ വളര്‍ച്ചക്ക് ഒരു മുഴുനീള സംഭവ വികാസ നാടകത്തിന്‍റെയത്രയും ആദിമധ്യാന്ത ചമല്‍ക്കാരമുണ്ട്. ഷേക്സ്പിയര്‍-ചരിത്ര നാടകങ്ങളുടെ യവനിക ഉയരും മുന്‍പ്‌ ക്രിസ്റ്റഫര്‍ മാര്‍ലോയുടെ നാടകങ്ങള്‍ - പ്രത്യേകിച്ച്‌ എഡ്‌വേഡ്‌, ഡോക്ടര്‍ ഫോസ്റ്റസ്‌ - വരാനിരിക്കുന്ന ഒരു യുഗത്തിന്‍റെ കാഹളമൂതിയിരുന്നു. ചെകുത്താന്, സ്വന്തം ആത്മാവ്‌ വില്‍ക്കുന്ന ഡോക്ടര്‍ ഫോസ്റ്റസ്‌ ഒരര്‍ഥത്തില്‍ മാക്ബെത്തിന്‍റെ മുന്‍ഗാമിയാണ്. ഷേക്സ്പിയറിന്‍റെ നാടകങ്ങളില്‍ പലതിന്‍റേയും പിത്രുത്വം ഇംഗ്ളീഷ്‌ തത്വചിന്തകന്‍ ഫ്രാന്‍സിസ്‌ ബേക്കണില്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഷേക്സ്പിയര്‍ യുഗം അടിച്ച ഫസ്റ്റ്-ബെല്‍-ധ്വനി ഇന്നും നാടകവേദിക്ക്‌ ഇഷ്ടനാദമാണ് - വിശേഷിച്ചും നായക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ സ്രുഷ്ടിക്കപ്പെടുന്ന നാടകങ്ങളില്‍. 'സ്വഭാവം വിധിയാണു' എന്ന ഷേക്സ്പീരിയന്‍ മന്ത്രം നാടക രചനകളില്‍ അനശ്വര തന്ത്രവുമായി.

കുറ്റബോധത്താല്‍ 'നീറി മരിക്കുന്ന' മെലോഡ്രാമകളുടെ ഗദ്ഗദം വിളിച്ചറിയിച്ച സെന്‍റിമെന്‍റലിസം ഒരു തീരാ വ്യാധിയായി മാറിയത് കൊണ്ടായിരിക്കാം ചിരി മറു മരുന്നായി പതിനെട്ടാം നൂറ്റാണ്ടില്‍ പാശ്ചാത്യ നാടകങ്ങളില്‍ രംഗപ്രവേശം ചെയ്തത്‌. ചിരിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്ക്‌ എളുപ്പ വഴി അപഹസിക്കുക എന്നതായിരുന്നു. ഇറ്റാലിയന്‍ ഓപറകളെ കളിയാക്കിയുള്ള 'ദ ബേഗ്ഗേഴ്സ്‌ ഓപറ' (1728) ഇത്തരം 'ബര്‍ലസ്ക്‌' നാടകങ്ങളെ ഓന്നാന്തരമായി പ്രതിനിധീകരിക്കുന്നു. ഭാഷയിലെ ഹാസ്യം വിഷയമാക്കിയ ഷെറിഡാന്‍റെ 'റൈവല്‍സി'ല്‍ നിന്നും വാക്കുകള്‍ സ്ഥാനം തെറ്റി ഉപയോഗിക്കുന്ന മിസ്സിസ്‌ മാലപ്രോപ്‌ എന്ന കഥാപാത്രവും അങ്ങനെ മാലപ്രോപിസം എന്ന വാക്കും പിറന്നു വീണു. വിക്റ്റോറിയന്‍ കാപട്യങ്ങളെ തുരന്നു കാട്ടാനായിരുന്നു അനന്തരം നാടകങ്ങളുടെ ശ്രമം.

ബെര്‍ണാഡ്‌ ഷായുടെ 'പിഗ്‌മാലിയനിലെ' പാകത പ്രാപിക്കുന്ന പെണ്‍കുട്ടിയെ പോലെയായി ആധുനിക നാടകരംഗം. സാമൂഹികതയിലേക്ക്‌ തിരശീല കീറി തുറന്നു ഇബ്സന്‍റേയും ബക്കറ്റിന്‍റേയും മറ്റും നാടകങ്ങള്‍. രണ്ട് നാടോടികള്‍ ഒരിക്കലും വരാത്ത ഒരാളെ കാത്തിരിക്കുന്ന വിഷയം (വെയ്റ്റിങ്ങ്‌ ഫോര്‍ ഗോദോ) അനേക മടങ്ങ്‌ വ്യഖ്യാനങ്ങള്‍ക്ക്‌ പ്രചോദനമായി. മിഡില്‍ ക്ളാസ്‌ കുടുംബ-സാമൂഹ്യവ്രുത്തങ്ങളില്‍ വട്ടം ചുറ്റിയിരുന്ന പതിവ്‌ തെറ്റിച്ച്‌ (നാടകം നാട്ടകമായും വീട്ടകമായും), കാണാത്ത മാനുഷിക ലോകങ്ങളിലേക്ക്‌ വെളിച്ചം വീശി അബ്സേഡ്‌ നാടകങ്ങള്‍. യുവത്വത്തിന്‍റെ ക്രോധം, ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍, അസ്തിത്വ പ്രശ്നങ്ങള്‍ തുടങ്ങിയവയായി പിന്നീട്‌ നാടകം അഭിമുഖം ചെയ്ത കാര്യങ്ങള്‍. 'എ ടെയ്സ്റ്റ്‌ ഒഫ്‌ ഹണി' എന്ന 1958 നാടകത്തില്‍ ടീനേജ്കാരിയായ ഒരമ്മയുടെ കുട്ടിയെ സ്വവര്‍ഗാനുരാഗിയായ ഒരു പുരുഷന്‍ വളര്‍ത്തുന്നതായാണു ചിത്രീകരണം. സാഹചര്യങ്ങളാല്‍ ചങ്ങലയിലാക്കപ്പെട്ട്‌ വിവരണാതീതമായ വെല്ലുവിളികളെ നേരിടാന്‍ വയ്യാത്ത കഥാപാത്രങ്ങളാല്‍ നിറഞ്ഞു പൊതുവേ ഹരോള്‍ഡ് പിന്‍ററുടേയും ടോം സ്റ്റൊപ്പാഡിന്‍റേയും ബഹളമയമല്ലാത്ത നാടകങ്ങള്‍. ഒരു ശിശുവിനെ കല്ലെറിയുന്ന രംഗമുള്ള എഡ്‌വേഡ്‌ ബോണ്ടിന്‍റെ സേവ്ഡ്‌ (1965) എന്ന നാടകം നിരോധിക്കപ്പെട്ടതിനു മൂകസാക് ഷ്യം വഹിച്ചു അറുപതുകളുടെ അന്ത്യപാദം.

രാഷ്ട്രീയാശയങ്ങള്‍ പ്രചരിപ്പിക്കാനും നാടകം മാധ്യമമായി ഉപയോഗിച്ചിരുന്ന ബ്രെഹ്ത് (1898-1956) കാണികളെ 'വസ്തുനിഷ്ഠമായി' നാടകത്തെ കാണാനും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കാനും പ്രേരിപ്പിച്ചു. നാടകത്തിലെ ആ അന്യതാബോധം കാണികളില്‍ 'ബുദ്ധിപരമായ അനുകമ്പ' സ്രുഷ്ടിക്കാനായിരുന്നു. ദാരിയോ ഫോ മുതല്‍ റ്വ്ത്വിക് ഘടക്ക് വരെയുള്ളവരില്‍ ബ്രെഹ്തിയന്‍ അനുരണനങ്ങളുണ്ടായി.

നാടകങ്ങള്‍ 'ടെലിവിഷന്‍ ഡ്രാമ'കളായി പുനരവതരിക്കുകയും സിനിമകള്‍ 'മ്യൂസിക്കല്‍സ്‌' ആയി വേഷം മാറുന്നതുമാണു പാശ്ചാത്യനാടകത്തിന്‍റെ അടുത്ത രംഗത്തില്‍ കാണുക. ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ഫെല്ലിനിയുടെ 'എട്ടര' അതേ പേരില്‍ സംഗീതനാടകമാവുകയും അത്‌ '9' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സിനിമയുമായി. പുതിയ അവതരണ രീതികളുടെ പരീക്ഷണങ്ങളില്‍ നാടകം അവതരിപ്പിക്കാനുള്ളത്‌ (ഷോ) എന്ന സങ്കേതത്തില്‍ ശ്രദ്ധയൂന്നുകയും 'ലൈവ്‌' മല്‍പ്പിടുത്തങ്ങളും രതിയും സ്റ്റേജില്‍ കാഴ്ചയിനങ്ങളുമായി.

പാശ്ചാത്യ നാടകത്തിലെ ഏറ്റവും പുതിയ സംരഭങ്ങളില്‍ ശ്രദ്ധേയമായത്‌ ന്യൂയോര്‍ക്കര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പരമ്പര 'ആഡംസ്‌ ഫാമിലി'യുടെ നാടകാവിഷ്കാരമാണ്. 2010 മാര്‍ച്ചില്‍ ഷിക്കാഗോയില്‍ അവതരത്തിനൊരുങ്ങുകയാണു ആദം കുടുംബാംഗങ്ങള്‍.

ഇന്ത്യന്‍ നാടകരംഗം

അവതരണഗാനമായി 'നാന്ദി', നാടകം പരിചയപ്പെടുത്തുന്നതിനായി സൂത്രധാരന്‍ എന്നിങ്ങനെ 'ലക്ഷണമൊത്ത' അവതരണത്തോടെ 1870 ല്‍ ബോംബെയില്‍ അരങ്ങേറിയ 'മിഥ്യാഭിമാനിലെ' (ഗുജറാത്തി) സാമൂഹിക വിമര്‍ശനം, കാണികള്‍ക്കുള്ള ഉപദേശങ്ങള്‍, ഹാസ്യം, കണ്ണീര്‍ ചേരുവകള്‍ ആദിയായവക്ക് ശേഷം ഒടുവില്‍ 'സത്യം തെളിയുന്ന' ഫോര്‍മുലക്ക്‌ വിജയകരമായ തനിയാവര്‍ത്തനങ്ങളുണ്ടായി.

വസന്തസേന (വേശ്യ)യും ചാരുദത്തനും തമ്മിലുള്ള പ്രണയകഥ പറഞ്ഞ ശൂദ്രകന്‍റെ 'മ്രുഛകടികം' കല്‍പിത കഥയായിരുന്നതിനാല്‍ പ്രകരണം എന്നറിയപ്പെട്ടു. സംസ്ക്രുത നാടകങ്ങളുടെ ചുവടു പിടിച്ച് ആവിര്‍ഭവിച്ച നാടകങ്ങള്‍ക്ക്, പക്ഷേ റിയലിസവുമായി ആയിരുന്നു കൂടുതല്‍ ബന്ധം. 1944 ല്‍ അവതരിപ്പിച്ച ബിജന്‍ ഭട്ടാചാര്യയുടെ ബംഗാളി നാടകമായ 'നവന്ന'യില്‍ നായികാനായകന്‍മാര്‍ക്ക്‌ വര്‍ണ്ണപ്പകിട്ടുള്ള വേഷവിധാനങ്ങളില്ലായിരുന്നു. അവര്‍ ദരിദ്രരും നിദ്രാവിഹീനരുമായിരുന്നു. റെയില്‍വേ ജീവനക്കാരും തീവണ്ടിയാത്രക്കാരുമാണു ഗുജറാത്തി നാടകമായ അഗഗാഡിയിലെ (1934) കഥാപാത്രങ്ങള്‍. ഗിരീഷ്‌ കര്‍ണ്ണാടിന്റെ 'തുഗ്ളക്കില്‍' അലക്കുകാരന്‍ ഡോബിയാണു കഥ വഴി തിരിച്ചു വിടുന്നത്‌.

ജ്യോതിപ്രസാദ്‌ അഗര്‍വാള്‍ (അസമീസ്‌), ബാദല്‍ സര്‍ക്കാര്‍ (ബംഗാളി), ചന്ദ്രവദന്‍ ചിമന്‍ലാല്‍ മേത്ത (ഗുജറാത്തി), ധര്‍മ്മവീര്‍ ഭാരതി (ഹിന്ദി), ചന്ദ്രശേഖര കമ്പാര്‍ (കന്നഡ), ആചാര്യ ശങ്കര്‍ നായിക്‌ (കൊങ്കണി) തുടങ്ങിയവര്‍ വിവിധ ഭാഷകളിലെ പ്രണേതാക്കളായി. ജീവിതത്തിന്‍റെ നിരര്‍ഥകത, ധാര്‍മ്മിക പാഠങ്ങള്‍, സത്യാന്വേഷണം, പ്രണയം, അധികാരം തുടങ്ങിയവ ഇഷ്ടവിഷയങ്ങളായപ്പോഴും പാവപ്പെട്ടവരുടെ ഉത്ഥാനം, ഫ്യൂഡലിസത്തിനെതിരായുള്ള ചെറുത്തു നില്‍പ് എന്നീ പ്രമേയങ്ങളും വിജയകരമായി പരീക്ഷിക്കപ്പെട്ടു. പി ലങ്കേഷിന്‍റെ 'സംക്രാന്തി'യില്‍ നായകന്‍-ബസവണ്ണ 'ശിവ' എന്ന സംജ്ഞ ഉപയോഗിച്ചാണു ജനങ്ങളെ ഒരുമിപ്പിക്കുന്നത്‌. തോപ്പില്‍ ഭാസി മുളങ്കാവ്‌ ഗ്രാമത്തിന്‍റെ മുന്നേറ്റത്തിലൂടെ, ഭൂമാഫിയക്കെതിരെ വിദ്യാഭ്യാസത്തിന്‍റെയും നിസ്വാര്‍ഥ സ്നേഹത്തിന്‍റേയും കരുത്തോടെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്രുഷ്ടിച്ചു.

മലയാള നാടകവേദി

ദാരികവധം അഭിനയിക്കപ്പെടുന്ന, കേരളത്തിലെ ഏറ്റവും പഴയ നാടകരൂപമായ മുടിയേറ്റ്‌, ചാക്യാന്‍മാരും നങ്ങ്യാന്‍മാരും 'കൂടി' അഭിനയിക്കുന്ന കൂടിയാട്ടം, അമ്പലവാസികളാടുന്ന കൂട്ടപ്പാഠകം, ക്രിസ്ത്യന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ചവിട്ടു നാടകം, പാണക്കളി, ദേശക്കളി, തെക്കത്തി നാടകം എന്നീ ഇതരനാമങ്ങളുള്ള പൊറാട്ട്‌ നാടകം, ഫലിതപൂര്‍ണ്ണമായ സംഭാഷണങ്ങളുള്ള പ്രഹസനം അങ്ങനെ കുറേ വഴി ചുറ്റിത്തിരിയേണ്ടതു കൂടിയുണ്ട് വയസ്സറിയിച്ച മലയാള നാടകത്തിലേക്കെത്താന്‍.

ഭരതമുനി 'നാട്യശാസ്ത്ര'ത്തില്‍ അഭിനയത്തെ ആംഗികം, വാചികം, ആഹാര്യം, സാത്വികം ആയി തിരിച്ചിരിക്കുന്നു. ഭരതമുനി വരച്ച കളത്തില്‍ നിന്നു തന്നെ പുതിയ കാലത്തിന്‍റെ അതിരില്ലാപ്പാടത്തേക്കിറങ്ങുക എന്നതാണ്, ഇപ്പോഴത്തെ ട്രെന്‍ഡ്.
പോയ വര്‍ഷം കേരള സംസ്ഥാന അവാര്‍ഡ്‌ നേടിയ കെ പി ഏ സിയുടെ 'ഭീമസേനന്‍' (എം ടി യുടെ 'രണ്ടാമൂഴ'ത്തില്‍ നിന്നും പ്രചോദനം) അത്തരത്തില്‍ സമകാലിക മലയാള നാടകത്തിന്‍റെ ഒരു പരിച്ഛേദമാകും. ഭീമസേനന്‍റെ സംഭാഷണത്തേക്കാള്‍ ശരീരമാണു കൂടുതല്‍ അഭിനയിക്കുന്നത്‌. കഥ പുരാണം, പ്രിയങ്കരം; അവതരണം ആധുനികം, പ്രതീകാത്മകം; വേഷവും രംഗപടവും ഒരേ സമയം കണ്ണഞ്ചിപ്പിക്കുന്നതും ലളിതവും. ഈ മധ്യേമാര്‍ഗ്ഗ സങ്കര വഴിയിലൂടെയാണു ഇപ്പോള്‍ മലയാള നാടകത്തിന്‍റെ ദേശാന്തര ഗമനം.

http://www.moonnamidam.com/nadakam56.html

3 comments:

റ്റോംസ് കോനുമഠം said...

സുനിലേ,

നാടകവര്‍ത്തമാനം ഒരുപാട് ഇഷ്ടംമായീ.
മലയാള നാടകവേദി ഇപ്പോള്‍ ചിതലരിക്കുന്ന രീതിയിലാണ്‌.

Prasanth.P.Nair said...

oru uyarthezhunelpini yundavumo.. malayala nadakangalku???

Anonymous said...

vinjanadayakamaayirunnu sunilinte nadakavicharam.malayalathil nadakathinte avastha valare parithapakaraman.utsavaparambukalum arts society veedikalum annyamninnu poyirikkunnu.ethinidakku nadakamenna peril avatharikkunnathu jugupsavahamaya pekoothukalum.kadalinakkareyaanallo eppol malayalasahithyavum,malayala nadakangalum okke punarjanichukondirikkunnath.
nanmakal maathram ,P.O.MOHAN

Blog Archive

Follow by Email