Search This Blog

Friday, February 5, 2010

പ്രിയനന്ദനന്‍ പറഞ്ഞ കഥ

വാന്‍ഗോവ് പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ ദുര്യോഗങ്ങള്‍ പൊഴിയുന്ന പക്ഷിത്തൂവലുകള്‍ പോലെയാണെന്ന്. പൊഴിയുന്നത് പുതിയ തൂവലുകള്‍ക്ക് വേണ്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ആ ആത്മവിശ്വാസം മതി നമുക്ക്. 'നെയ്ത്തുകാരന്‍' ചെയ്യുമ്പോള്‍ ആ ഇച്ഛാശക്തി മാത്രമായിരുന്നു എന്റെ കൂട്ട്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ്, (ഫിലിം പീപ്പ്‌ള്‍ ബാനര്‍) നെയ്ത്തുകാരന്‍ സാക്ഷാത്ക്കാരമായത്. അന്ന് എന്റെ വീട് ഓലപ്പുരയായിരുന്നു. നാഷണല്‍ അവാര്‍ഡ് കിട്ടിയ 'പുലിജന്‍മ'ത്തിന്, ശേഷം ഇപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട വീട് വച്ചു. പുതിയ ചിത്രം 'സൂഫി പറഞ്ഞ കഥ'യോടെ ജീവിതം മാറുന്നില്ല. സിനിമയുടെ ഓരം ചേര്‍ന്നു പോകുന്ന ഒരാള്‍ മാത്രമാണ്, ഞാന്‍. (കാര്‍ത്തിയില്‍ നിന്നും സുഹ്‌റയിലേക്കുള്ള ഒരു യുവതിയുടെ പരിവര്‍ത്തനത്തിലൂടെ -'മതം മാറീന്ന് വച്ച് അമ്മയില്ലതിരിക്കുമോ' എന്ന് കാര്‍ത്തിയെന്ന സുഹ്‌റ - മലബാറിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിലൂടെ കാലത്തിന്‍റെ പുഴ കടക്കുന്ന ഒരു ജനതയുടെ ചിത്രം വരക്കുന്നു 'സൂഫി'യിലൂടെ പ്രിയനന്ദനന്‍. ചിത്രം ഫെബ്രു 19ന്, റിലീസ്. ).

ഏഴാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഞാന്‍ ചലച്ചിത്രകാരനായതിന്, പിന്നില്‍ ഒരുപാട് അലച്ചിലുകളുണ്ട്. വല്ലച്ചിറ ഗ്രാമമുണ്ട്; 49 വര്‍ഷമായി അവിടെ നടക്കുന്ന നാടന്‍ ഉല്‍സവങ്ങളുണ്ട്; ജോസ് ചിറമ്മലിനേയും മറ്റും ഞങ്ങളുടെ നാട്ടിലേക്ക് വരുത്തി പരീക്ഷണങ്ങള്‍ക്ക് എടുത്തു ചാടിയ നാടക പശ്ചാത്തലമുണ്ട്. പിന്നെ ഒരുപാടൊരുപാട് നാടകങ്ങള്‍ സ്വന്തം സംവിധാനത്തില്‍ ചെറുതും വലുതുമായി ചെയ്ത കാലമുണ്ട്. ജൂലിയസ് സീസര്‍, ബഷീറിന്‍റെ പ്രേമലേഖനം, ജോയ് മാത്യുവിന്‍റെ സങ്കടല്‍..അങ്ങനെ എത്രയോ നാടകങ്ങൾ! 'മുദ്രാരാക്ഷസം' ഞങ്ങള്‍ ഡല്‍ഹിയില്‍ അവതരിപ്പിക്കുമ്പോള്‍ വല്ലച്ചിറയിലെ തൊഴിലാളികളായിരുന്നു അഭിനേതാക്കള്‍.

ഒരിക്കല്‍ അടുത്തുള്ള ഗ്രാമത്തില്‍ നാടകം അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയി. നാട്ടുമ്പുറത്തെ ഒരു പറമ്പിലാണ്, അവതരണം. ഇടക്ക് മൂത്രമൊഴിക്കാന്‍ പോയ ഞാന്‍ കുപ്പിച്ചില്ല്, നിറഞ്ഞ കുഴിയില്‍ വീണു. കര കയറിയെന്ന് കരുതിയ അപകടം പിന്നേയും എന്‍റെ തലയില്‍ വീണു അഥവാ വീണുകൊണ്ടിരുന്നു. അപകടങ്ങളുടെ ഒരു തുടരന്‍. വീട്ടില്‍ എല്ലാവരും പറഞ്ഞു ജ്യോല്‍സരെക്കൊണ്ട് പ്രശ്‌നം വയ്‌പ്പിക്കാന്‍. ചെറുപ്പത്തിലേ മരിച്ച അച്ഛന്‍റെ ആത്മാവ് ഗതി കിട്ടാതെ അലയുകയായിരിക്കുമെന്നൊക്കെ പറച്ചിലുണ്ടായി. ഞാന്‍ പറഞ്ഞു അച്ഛന്‍ അങ്ങനെ നടക്കട്ടെ. ഞാനും ഇങ്ങനെയൊക്കെ നടന്നോട്ടെ. അന്ധവിശ്വാസങ്ങളെന്നു കരുതപ്പെടുന്നവക്ക് എന്നെ ഒന്നും ചെയ്യാനാവില്ലെന്നേ ഞാന്‍ കരുതുന്നുള്ളൂ. അവ പക്ഷെ ഒരു ദേശത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്. നാടകമെന്നതു പോലെ തന്നെ.

നാടകം മരിച്ചിട്ടൊന്നുമില്ല. അത് അതിജീവനത്തിന്‍റെ പാതയിലാണ്. ത്രിശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോല്‍വസത്തില്‍ കാണികള്‍ക്ക് ഒട്ടും കുറവില്ലായിരുന്നു. പലയിടങ്ങളില്‍ നിന്നും വന്ന നാടകപ്രവര്‍ത്തകര്‍ പറഞ്ഞത് അവരുടെ ഗവണ്‍മെന്‍റ്, ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമടക്കം അകമഴിഞ്ഞ പ്രോല്‍സാഹനം നല്‍കുന്നെന്നാണ്. നമ്മുടെ നാടകരംഗത്ത് അത്തരമൊരു സ്ഥിതിയാണോ ഉള്ളത്? അധികാരത്തിന്‍റെ അനുഗ്രഹം ഇല്ലാതിരിക്കുമ്പോഴും നാടകപ്രേമികളുടെ ഇച്ഛാശക്തി അതിന്‍റെ തനത് ഊര്‍ജ്ജം കാട്ടുമെന്നതിന്‍റെ തെളിവാണ്, കുവൈറ്റിലെ 'ഫ്യൂച്ചര്‍ ഐ തീയറ്റര്‍'. 'ഫ്യൂച്ചര്‍ ഐ' പ്രവര്‍ത്തകര്‍ നടത്തിയ നാടകപരിശീലനകളരിക്കിടെ ഒരാള്‍ എന്നോട് ചോദിച്ചു: എന്തുകൊണ്ട് നാടകരം‌ഗത്ത് നിന്നും സിനിമയിലേക്ക് നടീനടന്മാർ വരുന്നില്ല? അങ്ങനെ ചോദിച്ചാൽ ഞാനെന്തു പറയാനാണ്? സിനിമയിലേക്ക് വരാനുള്ള വാതിലാണോ നാടകം‌? രണ്ടും രണ്ടാണ്.

നെയ്ത്തുകാരനായിരുന്നില്ല ആദ്യചിത്രമായി മനസിലുണ്ടായിരുന്നത്. വൈശാഖന്‍റെ 'സമയം കടന്ന്' എന്ന ചെറുകഥയായിരുന്നു എന്‍റെ സ്വപ്‌നം. കഥകള്‍ക്കൊന്നും ക്ഷാമമില്ല. 'ഭുജംഗയ്യന്‍റെ ദശാവതാരങ്ങള്‍' ആണ്, ഈയിടെ വീണ്ടും വായിച്ചത്. അത് സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അംബികാസുതന്‍ മാങ്ങാടിന്‍റെ തെയ്യക്കോലത്തെക്കുറിച്ചുള്ളൊരു കഥ ചെയ്യണമെന്നുണ്ട്. സിനിമക്ക് പറ്റിയ കഥയില്ലെന്ന് പറയുന്നത് ശരിയല്ല. എഴുത്തുകാര്‍ക്കും കുറവില്ല. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്ന കുറവേയുള്ളൂ.

ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യാനാണ്, ഞാന്‍ ശ്രമിക്കുന്നത്. ഓ, എന്തു ചെയ്തിട്ടെന്താ ലോകം നന്നാവില്ല എന്ന വിചാരമല്ല, നമുക്ക് മുന്‍പിലുണ്ടായിരുന്നവരുടെ വിയര്‍പ്പിന്‍റെ തണലിലാണ്, നാമിപ്പോള്‍ എന്ന് കരുതുക. 'മറക്കുടക്കുള്ളിലെ മഹാനരകം' കഴിഞ്ഞപ്പോള്‍ ഒരു കുടയാണ്, കീറിപ്പോയത്. കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.

6 comments:

ManojMavelikara said...

kolllammmmmmmmm

റോഷ്|RosH said...

പ്രസക്തമായ നല്ല പോസ്റ്റ്‌.
നന്ദി.

ബിനോയ്//HariNav said...

"..കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.."

ആശംസകള്‍ :)

BABUJI BATHERY said...

really good . keep it up.

ഷിബു ഫിലിപ്പ് said...

"ബാക്കി വെക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും ചെയ്യുവാന്‍" ഇനിയും പ്രിയനന്ദനും എല്ലാ കൂട്ടുകാര്‍ക്കും സാധിക്കണം. ശുഭപ്രതീക്ഷയോടെ......
Shibu Philip

Muhammed said...

മരം എത്രത്തോളം വളര്‍ന്നു വലുതായി എന്നതല്ല; അതില്‍ എന്ത് ഫലം ലഭിക്കുന്നു എന്നതാണ് ..

Blog Archive

Follow by Email