
സൌത്ത് ഇന്ത്യൻ ബാങ്കിൽ ജോലിയുണ്ടായിരുന്ന ഞാൻ നാടകം കളിച്ച് ജീവിതം മറന്ന് വൻ കടക്കാരനായി. പറമ്പ് വിറ്റു, ദുബായ്ക്ക് ചേക്കേറി. ദുബായിൽ കുടുംബസമേതം. പിടിച്ചുനിൽക്കാമെന്ന സാമ്പത്തിക ഭദ്രത വന്നപ്പോൾ ഉള്ളിലെ കലാകാരൻ ഉണർന്നു. സിനിമാതാരങ്ങളെയും മിമിക്രിഗാനമേളക്കാരെയും കൊണ്ടുവന്ന് പ്രോഗ്രാമുകൾ നടത്തി. കലാഭവന് ഒന്നരക്കോടി രൂപ കളക്റ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകൾ നടത്തി വീണ്ടും ഞാൻ പൊളിഞ്ഞു.
ആബേലച്ചൻ എന്റെ കഥയറിഞ്ഞ് കമ്മീഷനെന്നും പറഞ്ഞ് 12 ലക്ഷം തന്നു. ജീവിതവേദിയിലെ രംഗങ്ങൾ ഇരുളും വെളിച്ചവും സഹിതം വന്നും പോയുമിരുന്നു. മക്കളിൽ രണ്ട് പേർ പ്രവാസികളായി. മകൾ ‘സൂത്രധാരനിലും’ ‘ക്രോണിക് ബാച്ലറിലും’ വേഷമിട്ടിരുന്നു. എന്റെ ജീവിതത്തിലുമുണ്ടായിരുന്നു സിനിമാധ്യായങ്ങൾ. പാദസരം, ചോര ചുവന്ന ചോര എന്നീ ചിത്രങ്ങളുടെ അസോസിയേറ്റായിരുന്നു.
ദുബായ് മറഞ്ഞു കഴിഞ്ഞ രംഗമാണ്. 62 വയസ്സായി. നാടകം വിടാറായിട്ടില്ല. ഒരിക്കൽ ദുബായിൽ നിന്നും അവധിക്ക് ചെന്നപ്പോൾ നാട്ടിലെ പാടത്ത് പഴയൊരു നാടക ചങ്ങാതിയെ കണ്ടു. ഞങ്ങൾ പാടത്ത് ഒരു ചോലയിലിരുന്ന് ഏറെ നേരം പണ്ട് കളിച്ച നാടകത്തിലെ ഡയലോഗുകൾ പരസ്പരം പറഞ്ഞു. ഞാൻ സ്വയം മറന്ന് ഉറഞ്ഞു തുള്ളി. നേരമ്പോക്ക് ചൂട് പിടിക്കുന്നത് കണ്ട് ചങ്ങാതി പറഞ്ഞു, ജോസപ്പേട്ടന് വട്ടായോ? ഞാൻ പറഞ്ഞു അതേടാ കല ഒരു വട്ട് തന്നെയാണ്.
മറ്റൊരവധിക്കാലത്ത് ചെന്നപ്പോഴാണ് തൃശൂരിൽ ലോഹിതദാസ് എന്നെ പരാമർശിച്ച് പ്രസംഗിച്ചുവെന്നറിയുന്നത്. ലോഹി സ്‌കൂൾ വിദ്യാർഥിയായിരിക്കേ എന്റെ നാടകം കളിച്ചിട്ടുണ്ടെന്നും ജോസഫ് ചേറ്റുപുഴ ഗുരുസ്ഥാനീയനാണെന്നുമാണ് പറഞ്ഞത്. ലോഹിയും പല്ലിശേരിയും സെബാസ്‌റ്റ്യനും കൂടി ചാലക്കുടി സാരഥി തീയറ്റേഴ്സ് തുടങ്ങുമ്പോൾ ലോഹിക്ക് എഴുതാറിയില്ലെന്ന് പറഞ്ഞയാളാണ് സെബാസ്റ്റ്യൻ. ലോഹി പതിയെ കണ്ടെടുക്കപ്പെടുകയായിരുന്നു.

ദുബായ് വിട്ടെങ്കിലും ഗൾഫ് നാടക പര്യടനവുമായി ഏപ്രിൽ-മെയ് മാസങ്ങളിൽ ഞങ്ങൾ വരുന്നുണ്ട്. പൂഞ്ഞാർ നവധാരയുടെ ‘കൂട്ടുകുടുംബ’മാണ് അവതരിപ്പിക്കുന്നത്. കുവൈറ്റിൽ എന്റെ പഴയ ശിഷ്യൻ ബാബു ചാക്കോള മുൻകൈ എടുത്ത് കുവൈറ്റിലെ കൽപക് തീയറ്റേഴ്സ് മേയിൽ ‘സർഗക്ഷേത്രം’ അവതരിപ്പിക്കുന്നു. ഇനിയിപ്പോൾ പൂഞ്ഞാർ നവധാരയുമായി കുറച്ചു നാൾ. അടുത്ത സീസണിൽ ചെറുന്നിയൂർ ജയപ്രസാദിന്റെ ‘തീരം കാശ്‌മീരം’ അവതരിപ്പിക്കും.
ആത്മീയ സാക്ഷ്യ സംഭവ പരമ്പരകളുടെ ഒരു സിനിമ ഉദ്ദേശിക്കുന്നുണ്ട്. അതിനായി സീനായ് പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. ആത്മീയത ചില ജീവിതങ്ങളിൽ വരുത്തിയ അൽഭുതങ്ങളാണ് സിനിമ പറയുക. തീയറ്റർ റിലീസും പള്ളി വഴി ഡിവിഡി വിതരണവും / മാർക്കറ്റിങ്ങും ആലോചിക്കുന്നുണ്ട്.
അഞ്ച് വർഷം ചരലിൽ മുട്ടുകുത്തി പ്രാർഥിച്ച ഭാര്യക്ക് സാന്ത്വനമുണ്ടായി. ഞാനിന്ന് ലഹരി വിമുക്തനാണ്. കല മാത്രമാണ് ലഹരി.
2 comments:
അഞ്ച് വർഷം ചരലിൽ മുട്ടുകുത്തി പ്രാർഥിച്ച ഭാര്യക്ക് സാന്ത്വനമുണ്ടായി. ഞാനിന്ന് ലഹരി വിമുക്തനാണ്. കല മാത്രമാണ് ലഹരി
"കല" മാത്രമാണു ലഹരി.. അങ്ങനെ അടുത്തവളും കൂടി. ഒരു മനുഷ്യനെയും നന്നാകാന്‍ അനുവദിക്കില്ലായെന്ന് വെച്ചാല്‍...:)
ഇനിയുള്ള നാളുകള്‍ സന്തോഷത്തിന്റെയും, അഭിവൃദ്ധിയുടെയുമാകട്ടെ... ചേച്ചിയുടെ പ്രാര്‍ത്ഥനയ്ക്ക് ഒപ്പം ഇനി മുതല്‍ ഞ്ങ്ങളുടെയും പ്രാര്‍ത്ഥനയുണ്ടായിരിക്കും.. സര്‍വ്വ മംഗളങ്ങളും നേരുന്നു.
സെനു, പഴമ്പുരാണംസ്.
Kala oru lahari thanne aanu....athorkkumbol oru vishamam
Post a Comment