നഷ്ടസൌഭാഗ്യം സാഹിത്യത്തില്‍ ഉയിര്‍ത്തെണീക്കുന്നു. നഷ്ടവ്യക്തികളുടെ സ്ഥാനത്ത് ജോലി, വീട്, നിക്ഷേപം ആദിയെന്ന കാലിക വ്യത്യാസം മാത്രം. നവംബറിന്‍റെ നഷ്ടം എന്ന് പറഞ്ഞിരുന്നത് വിശാലാര്‍ഥത്തില്‍ 2009 - ന്‍റെ നഷ്ടം എന്ന് പറയാം. സാമ്പത്തിക മാന്ദ്യത്തെ ചരിത്രപരിസരത്ത് നിന്ന് മാത്രമല്ലാതെ അനുഭവങ്ങളുടെ ചൂരോടേയും ഭാവനയുടെ 'പന്‍ഡോറ'കളില്‍ നിന്നും കാണുന്ന പുതിയ പുസ്തകങ്ങള്‍ സാഹിത്യവിപണി ഭരിക്കാനല്ലെങ്കിലും അലങ്കരിക്കുന്നെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്ന മനുഷ്യന്‍ - ഡാംസെല്‍ ഇന്‍ ഡിസ്ട്രസ് എന്നൊക്കെ പറയുന്നത് പോലെ - പുതിയ കാലത്തിന്‍റെ പ്രതീകമാണ്. മറ്റൊരാളുടെ കഷ്ടതയിലൂടെ കടന്നു പോകുക എന്ന സുഖ-ദു:ഖാനുഭവമാണ്, പുതിയ ട്രാജിക് നായകന്‍ വായനക്കാരന്, ചിലര്‍ക്ക് താദാത്മ്യം പ്രാപിക്കാനുള്ള അവസരവും, നല്‍കുന്നത്.
നോണ്‍-ഫിക്‌ഷന്‍ വിഭാഗത്തില്‍ 'ഹൌസ് & ഗാര്‍ഡന്‍' മാഗസിന്‍ എഡിറ്റര്‍ ഡൊമിനിക് ബ്രൌണിങ്ങ് എഴുതിയ 'സ്‌ലോ ലവ്' ഫെബ്രുവരിയില്‍ പുറത്തിറങ്ങും. എങ്ങനെ അതിവേഗപാതയില്‍ നിന്നും പുറത്തായെന്നും ഒരേ പജാമ ഏറെ നാളത്തേക്ക് ഉപയോഗിക്കേണ്ടി വന്നെന്നും അയവിറക്കുന്ന ദു:ഖ സ്മരണകളാണ്, സ്‌ലോ ലവ്. നോവലുകളില്‍ 'ദിസ് ഇസ് വേര്‍ വി ലിവ്' ലൊസാന്‍ചലസിലെ ഒരു കൂട്ടം ജപ്തി ചെയ്യപ്പെടുന്ന വീടുകളുടെ രേഖാചിത്രം വരക്കുന്നു. ഇത്തരുണത്തിൽ ഒരു കൂട്ടം പുസ്തകങ്ങളാണ് ഈ വർഷം പുറത്തു വരാനിരിക്കുന്നത്.
സാമ്പത്തികശാസ്ത്രത്തില് നൊബേല്‍ സമ്മാനിതനായ കൊളമ്പിയ യൂണിവേഴ്സിറ്റി പ്രഫസര്‍ ജോസഫ് സ്‌റ്റിഗ്ലിറ്റ്‌സിന്റെ പുതിയ പുസ്തകം, ‘ഫ്രീ ഫാള്‍’ റിസഷന്റെ വേരു കീറി പരിശോധിക്കുന്നുവെന്ന് റിവ്യൂകാരന്‍മാരുടെ അഭിപ്രായം. ബാലന്‍സ് തെറ്റിയ ബാങ്കുകള്‍, പുറംപകിട്ട് മാത്രമുള്ള പണയ വ്യവസായം, ഹിംസ്രജന്തുസ്വഭാവസമാനമായ വായ്പ സമ്പ്രദായം, കടിഞ്ഞാണില്ലാത്ത കച്ചവടം മുതലായ ഘടകങ്ങള്‍ എങ്ങനെ സാമ്പത്തിക ഹിമാലയത്തെ ഉരുക്കിയെന്ന് പഠിക്കുന്ന ‘സ്വതന്ത്ര വീഴ്ച’യില്‍ ഒബാമ ഭരണകൂടത്തേയും പ്രതിക്കൂടിന് പുറത്തു നിര്‍ത്തുന്നില്ല സ്‌റ്റിഗ്ലിറ്റ്‌സ്. മാര്‍ക്കറ്റ് ഫണ്ടമെന്റലിസം - കെട്ടഴിച്ചു വിട്ട മാര്‍ക്കറ്റ് സാമ്പത്തികാഭിവൃദ്ധിയുണ്ടാക്കുമെന്ന അഭിപ്രായം - എന്നത്തേയും പോലെ പുതിയ പുസ്തകത്തിലും ഈ സാമ്പത്തിക ശാസ്ത്രജ്ഞന്റെ വിമർശനത്തിന് പാത്രമാണ്. ലാഭങ്ങളുടെ സ്വകാര്യവല്‍ക്കരണവും നഷ്ട്ങ്ങളുടെ സോഷ്യലിസവുമുള്ള പുതിയ ബദല്‍ മുതലാളിത്തം ജൻമം കൊടുക്കുക കുറേക്കൂടി വലിയ പ്രതിസന്ധികളെ ആയിരിക്കുമെന്നാണ് ‘വീഴ്ച’യുടെ മുന്നറിയിപ്പ്.
‘അപ്പഴേ പറഞ്ഞില്ലേ’ മോഡല്‍ പഠനങ്ങളും റിസഷന്‍ ബലിമൃഗങ്ങള്‍ അനുഭവങ്ങളും പ്രതിസന്ധിയില്‍ തളരാതെ വീണ്ടും ചലിക്കുന്ന ചക്രകഥകളും കൊണ്ട് പുസ്തക മാര്‍ക്കറ്റ് സമൃദ്ധമാണെന്ന് സാരം. ഏതൊരു ഉല്‍പ്പന്നത്തേയും പോലെ വായനക്കാരന് പുസ്തകങ്ങളില്‍ നിന്നും അറിഞ്ഞ ഒരു ഗുണപാഠം ഇവിടേയും പ്രയോഗിക്കാം - അല്‍പം ഭേദഗതിയോടെ: തല്ലേണ്ടത് തല്ലുക; കൊല്ലേണ്ടത് കൊല്ലുക.
ഉപക്രമം
പഞ്ഞകാലത്ത് ആളുകള്‍ എന്‍റര്‍ടെയിന്‍റ്മെന്‍റിനായി കൂടുതല്‍ പണം ചെലവാക്കുമെന്നാണ്, എഴുതപ്പെടാത്ത പ്രണാമം. ഏറ്റവും കൂടുതല്‍ പണം വാരിപ്പടമെന്ന ലോകറെക്കോഡിലേക്ക് കുതിക്കുന്ന 'അവതാര്‍' സംവിധായകനെക്കുറിച്ചുള്ള പുസ്തകം, 'ദ ഫ്യൂച്ചറിസ്റ്റ്: ദ ലൈഫ് ആന്‍ഡ് ഫിലിംസ് ഒഫ് ജെയിംസ് കാമറൂണ്‍' അമേരിക്കയില്‍ ബെസ്റ്റ് സെല്ലറാണ്. റബേക്ക കീഗന്‍ എഴുതിയ ജീവചരിത്രമെന്ന് വിളിക്കാവുന്ന പുസ്തകത്തില്‍ കുട്ടിയായ കാമറൂണ്‍ കുപ്പി കൊണ്ട് മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ച് അതില്‍ ഒരു എലി സഹിതം നയാഗ്രയിലൂടെ വിട്ടു പോലുള്ള സാഹസികതകളൊക്കെയുണ്ട്. കാമറൂണ്‍ ഓസ്കാര്‍ നേടുകയും ടൈം മാഗസിന്‍ പേഴ്സണ്‍ ഒഫ് ദി ഇയര്‍ ആവുകയും കൂടി ചെയ്താല്‍ പുസ്തകലോകത്തും മറ്റൊരു കളക്‌ഷന്‍ റെക്കോഡാവും.
http://chintha.com/node/65450
Search This Blog
Wednesday, February 10, 2010
Subscribe to:
Post Comments (Atom)
1 comment:
പഞ്ഞകാലത്ത് ആളുകള്‍ എന്‍റര്‍ടെയിന്‍റ്മെന്‍റിനായി കൂടുതല്‍ പണം ചെലവാക്കുമെന്നാണ്, എഴുതപ്പെടാത്ത പ്രണാമം.
സുനിലേ സത്യം
Post a Comment