Search This Blog

Friday, March 7, 2008

നര്‍മ്മാദി നിഘണ്ടു: വയല്: നികത്തി വീട്‌ വയ്ക്കാനുള്ള സ്ഥലം.

നര്‍മ്മാദി നിഘണ്ടു

അതുകൊണ്ടുതന്നെ: ഏതുകൊണ്ടുതന്നെയെന്ന്‌ പറയുന്നയാള്‍ക്ക്‌ പിടിത്തമുണ്ടാവണമെന്നില്ല. പ്രസംഗം ലോജിക്കലാണെന്ന്‌ സ്ഥാപിക്കാന്‍ പറ്റിയ അത്യൂഗ്രന്‍ പ്രയോഗം.

എങ്കിലും: തെറ്റ്‌ കണ്ടുപിടിക്കാന്‍ എള്ള്‌ കീറി പരിശോധിക്കുന്ന മലയാളിയുടെ രക്ഷക്കെത്തിയ പ്രയോഗം. ഉദാഹരണം: ഈ വീട്‌ കൊള്ളാം, എങ്കിലും പൊളിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ഏതായാലും: എനിവേ എന്ന്‌ (എന്യൌ എന്നും) മലയാളത്തില്‍ പറയുന്ന ആശയച്ചാട്ടപ്രയോഗം. ഗാംബിറ്റ്‌.

ഒരുതരം: ലേലംവിളിയിലെ പ്രെമിസ്‌ അല്ല. ക്ര്ത്യമായി പറയാനറിയാത്ത കാര്യം അവതരിപ്പിക്കാന്‍ പറ്റിയത്‌. ദ്രമിളം എന്ന്‌ കേട്ടാല്‍ ആര്‍ക്കാണ്‌ ഒരുതരം ഇത്‌ തോന്നാത്തത്‌?

കടപ്പാട്‌: എംടിക്കഥകളിലെ ഒരു എലമെന്റ്‌. ഇപ്പോള്‍ ശ്രോതാക്കളുടെ മനഃസാക്ഷിക്ക്‌ കുത്ത്‌ കൊടുക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നാം നമ്മുടെ രാജ്യത്തോട്‌ കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‌ പകരം സമൂഹം, സര്‍വശക്തന്‍ എന്നിങ്ങനെ അവസരം പോലെ മാറി ഉപയോഗിക്കാം.

ക്ഷണനം: കൊല. ചില കലാ(പ)പരിപാടികളിലേക്കുള്ള ക്ഷണക്കത്തുകള്‍ നമ്മെ കൊല്ലാതെ കൊല ചെയ്യുന്നതിലേക്കുള്ള വിജ്ഞാപനങ്ങളാണ്‌.

ഖജനാവ്‌: താനെന്താടോ ഖജനാവ്‌ പോലെ ക്ഷീണിച്ചിരിക്കണെ? എന്ന്‌ പറയാന്‍ പറ്റിയ പണ്ടോര ബോക്സ്‌.

ചങ്ങാത്തം: ആഗോളമനുഷ്യതാപം മൂലം ലോകത്ത്‌ വംശനാശം നേരിടുന്ന സംഗതി. ചതി, ചപലത, ചമല്കരണം മുതലായവ കൊണ്ട്‌ ചളമായത്‌.

ഛിന്നഭിന്നം: കണ്ടിക്കപ്പെട്ടത്‌ എന്നു പറഞ്ഞാല്‍ നിങ്ങളെ ആരും മൈന്‍ഡ്‌ ചെയ്യാത്തതു കൊണ്ട്‌ പകരം പറയാന്‍ പറ്റിയത്‌.

ജീവിതം: എന്ത്‌ പഠിപ്പിച്ചു എന്നൊക്കെ പറയാവുന്നതിന്റെ മുന്നില്‍ ചേര്‍ക്കാം. പണ്ടത്തെ ഗാനരചയിതാക്കളുടെ ഇഷ്ടവാക്ക്‌. അതിര്‍ത്തികള്‍ എന്ന സിനിമയിലെ 'ജീവിതം നായ നക്കി' ഗാനത്തോടെ അറം പറ്റി.

ജീവചരിത്രം: പണ്ട്‌ ജീനിയസുകള്‍ എഴുതിയിരുന്നത്‌. ഇപ്പോള്‍ ആര്‍ക്കും ആരെപ്പറ്റിയും പറ്റിച്ചും എഴുതാമ്.

ഝടിതി: പെട്ടെന്ന്‌. ടിവി സീരിയലുകള്‍ക്കായുള്ള കഥകളില്‍ സംഭവിക്കാന്‍ പാടില്ലാത്തത്‌.

ടിപ്പണി: കവിതകള്‍ക്ക്‌ അന്തസും ഛന്ദസും വരാനായി കീഴെ കൊടുക്കുന്ന ദുര്‍ഘടവ്യാഖ്യാനങ്ങള്.

ഠാണാ: പോലീസ്‌ സ്റ്റേഷന്‍. ഈ വാക്കിനര്‍ത്ഥമറിയാവുവരുടേതല്ലാത്ത സ്ഥലം.

തരംതാഴ്ത്തല്: കേരളത്തിന്‌ പുറത്ത്‌ മലയാളിക്ക്‌ കുഴപ്പമില്ലാത്ത കാര്യം.

ദൈവം: മനുഷ്യരാശിയുടെ ഏറ്റവും വലിയ ഉല്‍പന്നം.

ധാര്‍മ്മികരോഷം: ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴുകിയാല്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്നത്‌. ധാര്‍മ്മികദോഷം ശരി.

നിക്ഷേപം: മലയാളി സ്വന്തം മക്കളില്‍ കാണുന്നത്‌.

പ: നവോത്ഥാന ജീവിതമൂല്യങ്ങള്‍ പകാരത്തില്‍ സംഗ്രഹിച്ചിരിക്കുന്നു; പണം, പദവി, പരസ്യം, പാനം, പായ്‌, പരാശ്രയം, പറ്റിക്കല്‍. ഇതോടൊക്കെ പാം പറ എന്നതും ചിലരുടെ ജീവിതമൂല്യമാണ്

പ്രവാസി: ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്ക്‌. നാടു കടത്തപ്പെട്ടവരെന്ന്‌ പ്രവാസികള്‍ സ്വയം വിചാരിക്കുന്നു. വാസ്തവത്തില്‍ അവര്‍ നാടു കടന്നവരാണ്‌.

ഫലേച്ഛ: ഏതൊരു കാര്യവും ചെയ്യാനും പിന്നെ ആത്മഹത്യ ചെയ്യാനുമുള്ള കാരണം.

ഭാഷ: പണ്ട്‌ ആശയപ്രകാശനത്തിന്‌ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ആശയമില്ലാത്തതിനാല്‍ പ്രകാശനം മാത്രമേയുള്ളൂ.

മുടിചൂടാമന്നന്‍: കിരീടവും രാജാവൊന്നുമില്ലേലും കേള്‍ക്കാന്‍ രുചിയുള്ളൊരു പ്രയോഗം. തിരുവനന്തപുരം നഗരത്തില്‍ മരം കോച്ചും മഞ്ഞ്‌ എന്നു പറയാമെങ്കില്‍പ്പിന്നെ!

രക്ഷപെടല്‍: മലയാളിയുടെ രക്തത്തിലുള്ള ജീവിതപോംവഴിപ്രതിഭാസം. മറുനാടുകളിലേക്കും വിവാഹത്തിലേക്കും രക്ഷാകര പദ്ധതികളിലേക്കുമുള്ള ഒളിച്ചോട്ടം. പരീക്ഷ പാസായതിനെ കുട്ടികള്‍ എസ്കേപ്ഡ്‌ എന്ന്‌ പറയാറുണ്ട്‌.

വയല്: നികത്തി വീട്‌ വയ്ക്കാനുള്ള സ്ഥലം.

ശകുനം. ദുരവസ്ഥയെ പഴിക്കാന്‍ പറ്റിയ കാരണം. ശുഭശകുനങ്ങള്: മദ്യം, പൊരിച്ചയിറച്ചി, വെളുത്ത കുസുമം (മേരിയോ, ആമിനയോ ആയാലും കുഴപ്പമില്ല), പച്ച ട്രാഫിക്‌ സിഗ്നല്, ലക്കി പ്രൈസ്‌ അടിച്ചെന്ന്‌ മൊബൈലില്‍ ആരെങ്കിലും വിളിച്ചു പറയുന്നത്‌. ദുശ്ശകുനങ്ങള്: വടികുത്തി നടക്കുന്നവള്, അറ്റത്ത്‌ പോത്തില്ലാത്ത കയര്‍, തരി ഉപ്പിടാത്ത ആംപ്ളെയിറ്റ്‌, ലക്കി പ്രൈസ്‌ അടിച്ചെന്ന്‌ മൊബൈലില്‍ ആരെങ്കിലും വിളിച്ചു പറയുന്നതിനൊപ്പം ആദ്യഗഡുവായി 25,000 രൂഭാ അയക്കണമെന്ന്‌....

സത്യം പറഞ്ഞാല്: മുന്പ്‌ പറഞ്ഞതൊക്കെ അസത്യങ്ങളായിരിക്കും. സത്യം പറഞ്ഞാല്‍ പ്രയോഗശേഷം പറയുന്നത്‌ കരിങ്കല്ല്‌ വച്ച നുണ.

1 comment:

ബാജി ഓടംവേലി said...

ദൈവം: മനുഷ്യരാശിയുടെ ഏറ്റവും വലിയ ഉല്‍പന്നം.
കൊള്ളാം...
തുടരുക......

Blog Archive

Follow by Email