Search This Blog

Monday, March 24, 2008

ചലച്ചിത്രഗാനങ്ങളിലെ ഓണം: മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന

'മാനത്തെ പൊന്നോണം മനസില്‍ വന്നെങ്കില്‍, നമ്മളാ താരങ്ങളായ്‌ മാറിയെങ്കില്‍' എന്ന്‌ രണ്ട്‌ നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയെന്ന ഗാനത്തില്‍ ശ്രീകുമാരന്‍തമ്പി പാടുന്നു. അത്‌ 'കന്യാദാനം' എന്ന ചിത്രത്തിന്‌ വേണ്ടി എഴുപതുകളിലായിരുന്നു. ഇന്ന്‌ ഓണച്ചിത്രങ്ങള്‍ മെഗാ പൂക്കളവട്ടത്തില്‍ വട്ട്‌ ചുറ്റുമ്പോള്‍ ഓണപ്പാട്ടുകള്‍ പരിപൂര്‍ണമായും ഫെസ്റ്റിവല്‍ ആല്‍ബങ്ങളില്‍ കുടിയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

ഓണപ്പാട്ടുകള്‍ അല്ലെങ്കിലും ഗാനമേളക്കാര്‍ക്ക്‌ ഓണസീസണില്‍ പാടാനുള്ളൊരു ആരംഭനമ്പരായി മാറിയിട്ട്‌ വര്‍ഷങ്ങളായി. തിരുവോണ ദിവസം ടിവി-റേഡിയോ ചാനലുകള്‍ ഓണപ്പാട്ടുകളെ അവരുടെ ഫയല്‍ക്കൂട് തുറന്ന്‌ പുറത്ത്‌ വിടും. പാതിരാത്രിയോടെ തിരിച്ചു കയറ്റും. പായസവും സൌഹ്ര്^ദ സംഗമങ്ങളും പോലെ ഓണപ്പാട്ടുകളും വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ഓര്‍മ്മപ്പെട്ടികളിലായിക്കഴിഞ്ഞു.

ദേശം വിട്ടു പോന്നവര്‍ക്ക്‌ നാടന്‍ ഓര്‍മ്മകള്‍ എടുത്ത്‌ താലോലിക്കാവുന്ന ചിറ്റമ്ര്^താണ്‌ ഓണപ്പാട്ടുകള്‍. 'പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിന്‍ പാടത്തിലൂടെ നടക്കാനും മാവേലി മന്നന്‍റെ മാണിക്യത്തേര്' വരുന്നത്‌ കാണാനും' ക്ഷണിക്കുന്നത്‌ പഴയ പാട്ടുകളുടെ സ്വഭാവമാണ്‌. തുമ്പപ്പൂക്കള്‍, നന്ത്യാര്‍വട്ടം, ചെത്തി-ചെമ്പരത്തികളുടെ പൂവിളിക്ക്‌ കൂട്ട്‌ പോരാന്‍ പൊന്നോണത്തുമ്പിയെ വിളിക്കാനും അവ മറക്കുന്നില്ല. കോടിമുണ്ടുടുത്ത്‌ ഓണക്കിളി ഓടി നടക്കുന്നത്‌; കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നത്‌; തിരുവോണപ്പുലരിയിലെ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങുന്നത്‌; ഏത്‌ ഹ്ര്^ദയങ്ങളെയും അണിഞ്ഞൊരുക്കാന്‍ പോന്ന കാഴ്ചകള്‍! മിനിമോള്‍, വിഷുക്കണി എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുന്നത്‌ തന്നെ അവ ഉള്‍ക്കൊള്ളുന്ന ഓണപ്പാട്ടുകളാലാണ്‌.

കേരളതീരത്തേക്ക്‌ ഓണപ്പൂവിനെ മാടി വിളിക്കുന്ന ഒ. എന്‍. വി. യുടെ പാട്ടാണ്‌ ഇന്നും ഗാനമേള സദസുകള്‍ക്ക്‌ പ്രിയങ്കരം (ഓണപ്പൂവേ, പൂവേ..). വില്ലും, വീണ, പൊന്‍തുടിയും, പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും കവിതന്‍ ശാരിക കളമൊഴിയാല്‍ നറുതേന്‍ ചൊരിയുന്ന തീരത്തിന്‍റെ ഗാനം മലയാളികള്‍ മറക്കാത്തതിന്‌ ബംഗാളിയായ സലീല്‍ ചൌധുരിയുടെ ഇമ്പമെന്ന കാരണവുമുണ്ട്‌. ഒ. എന്‍. വി. യുടെ തന്നെ ഓന്നാം തുമ്പീ നീയോടി വാ എന്ന ഗാനത്തിനും (ചിത്രം: സമയമായില്ലാ പോലും) സലീല്‍ദായുടേതായിരുന്നു ഈണം.

ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍ കാറ്റു വന്നു തട്ടി ഓണപ്പാട്ട്‌ പാടുന്നതും ഉത്ത്ര്'ട്ടാതി ഓണവെയിലില്‍ കുളിച്ചു നില്‍ക്കുന്നതുമായ കാഴ്ച മോഹിനിയാട്ടം എന്ന ചിത്രത്തിലുണ്ട്‌ (രചന: ശ്രീകുമാരന്‍ തമ്പി). തെളിഞ്ഞു പുഴയും വെയിലും പൊന്നോണം കാത്ത നെഞ്ചും എന്ന്‌ 'ഏതോ ഒരു സ്വപ്ന'ത്തില്‍ തമ്പി.

'ഇടിമുഴക്ക'ത്തിലെ നായകന്‍റെയും നായികയുടെയും കല്യാണം ഓണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. കള്ളീ നിന്‍റെ കള്ളച്ചിരി പോലെ കാലം തെളിഞ്ഞെന്ന്‌ (മഴ മാറി!) നായകന്‍ പാടുമ്പോള്‍ തുമ്പപ്പൂ കൂന കൂട്ടി തുമ്പിത്തുള്ളിയോണം വരുമെന്ന്‌ നായിക. പൊന്നോണം വിരുന്ന്‌ വരുമ്പോള്‍ അരവയര്‍ നിറവയറാകും അപ്പോള്‍ നമുക്ക്‌ കല്യാണം!

വയലാറിന്‍റെ 'ഓണം പിറന്നാലും ഉണ്ണി പിറന്നാലും മണ്ണിനോരോ കുമ്പിള്‍ കണ്ണീര്' എന്ന ഗാനം (ചിത്രം: തുലാഭാരം). പഞ്ഞം സര്‍വകാലീന പ്രതിഭാസമാണെന്ന്‌ പാടുന്നു. അന്ന്‌ പക്ഷെ, പൊന്നുഷസ്‌ കണി കണ്ടുണരാന്‍ ഒന്നുറങ്ങൂ എന്നെങ്കിലും വയലാര്‍ സ്വപ്നം കണ്ടു. ചിങ്ങനിലാവത്ത്‌ മുണ്ടകപ്പാടത്ത്‌ കിങ്ങിണി കെട്ടുന്ന നെല്ലോലയുടെ ഗ്രാമ്യചിത്രം തരുന്നെങ്കിലും ഓണം ആഘോഷിക്കപ്പെടുന്നില്ല വയലാറില്‍.

മരിക്കുതിന്‌ തൊട്ട്‌ മുമ്പ്‌ സലീല്‍ ചൌധുരി സംഗീതം നല്‍കിയ തുമ്പോളി കടപ്പുറം എന്ന ജയരാജ്‌ ചിത്രത്തില്‍, തീരത്തേക്ക്‌ അടുക്കാന്‍ വെമ്പുന്ന ഹ്ര്^ദയങ്ങളുടെ നോവുപാട്ടാണ്‌ ഒ. എന്‍. വി. എഴുതിയതെന്നത്‌ കാലത്തിന്‍റെ അവരോഹണം. കടല്‍ത്തിരയാടുന്നീ 'തീ'മണലില്‍ എന്ന്‌ ഒരു പാട്ടില്‍. ഓളവും തീരവും മറ്റ്‌ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടു നാട്ടില്‍, സ്വപ്നം കാണാനെങ്കിലും ഓണപ്പാട്ടുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

2 comments:

കടവന്‍ said...

nostalgia, nostaligia...രോമാഞ്ചമാകുന്നു....പഴയ സിലോണ്‍ റേഡിയോ ഓര്മ്മ വരുന്നു, ഇപ്പഴുണ്ടോ...സിലോണില്‍ നിന്നു വൈകുന്നേരമുള്ള ഗാനങ്ങള്?...തുമ്പപ്പൂക്കള്‍..നന്ത്യാര്‍വട്ടം..ചെത്തി, ചെമ്പരത്തി...പൂവിളീ പൂവിളി പൊന്നൊണമായി...വൌ... നന്ദി

sunil cherian said...

ശ്രീലങ്കാ പ്രക്ഷേപണ നിലയത്തില്‍ നിന്നും മലയാള ഗാനങ്ങള്‍ ഇപ്പോഴില്ലെന്നാണ്' തോന്നുന്നത്. ഞാനും ഒരു അഡിക്റ്റായിരുന്നു.

Blog Archive

Follow by Email