Search This Blog

Wednesday, February 10, 2010

പുത്തഞ്ചേരിയുടെ പ്രണയവർ‌ണ്ണങ്ങൾ‌

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ ഏത് അപൂർ‌വ തപസിനാലാണ് സ്വന്തമാക്കിയതെന്ന് ആശ്ചര്യപ്പെടുന്ന കാമുകൻ അവളുടെ കണ്ണിലുള്ള കനവൂതാതെ മെല്ലെയൊന്ന് പാടിയുണർ‌ത്തുന്നത് ചാരെ നിന്ന നിഴൽ പോലുമറിയാതെയാണ്. പവിഴവാർ‌ത്തിങ്കളറിയാതെ പ്രണയ തൽ‌പത്തിലമരാൻ വാ എന്ന് ക്ഷണിക്കുന്നതാണ്, നിനക്കെന്റെ മനസിന്റെ മലരിട്ട വസന്തത്തിൽ മഴവില്ലു മെനഞ്ഞു തരാം എന്ന് മോഹിപ്പിക്കുന്നതാണ്, ഒരു മുളം തണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഏറ്റു വാങ്ങാം എന്ന് ആണയിടുന്നതാണ്, നീ തൊട്ടുണർ‌ത്തുമ്പോൾ നക്ഷത്രമാകും ഞാൻ‌ എന്ന് പ്രഘോഷിക്കുന്നത്..... ഒക്കെയാണ് പ്രണയം‌.

നാഗഫണക്കാവിൽ തെളിഞ്ഞു കത്തും കൽ‌വിളക്കിൻ സ്വർ‌ണ്ണനാളമായ അവളോട് അകത്തമ്മയായി അകത്തളം വാഴാമോ എന്ന് അനുവാദം ചോദിക്കാനുള്ള മനസുള്ള, പ്രണയം മുഴുവനും അഴകിനോട് പറയാൻ മറന്ന, എന്നാലും എന്നാളും എന്റേതല്ലേ, എന്റെ എല്ലാമെല്ലാമല്ലേ എന്തിനാണീ പരിഭവമെന്നു ചോദിക്കുന്ന നായകൻ‌. കാലൊച്ചയില്ലാതെ വന്നപ്പോൾ പാവം ഗോപികപ്പെണ്ണിന്റെ തൂവെണ്ണക്കിണ്ണം കാണാതായി എന്നും‌, കടൽ‌ത്തിരയിൽ വീണൊഴുകുന്ന തിങ്കൾ പോലെ കാത്തു നിന്നിട്ടും എന്തേ നെറുകയിലൊരു മുത്തം തന്നില്ലായെന്നും പണ്ടേ എന്നോടൊന്നും മിണ്ടീല എന്നും അവൾ‌. കാമുകന് കിടക്കാനുള്ള രാമച്ചക്കിടക്കയാകാനും മീട്ടാനുള്ള വരരുദ്ര വീണയാകാനും പോന്നവൾ‌ അവൾ‌.

ചിലപ്പോൾ പ്രണയം ഉരുകും വേനൽ‌പ്പാടം കടന്നെത്തുന്ന രാത്തിങ്കൾ പോലെയാവും‌. തീനാളമാവും‌. ഇടനെഞ്ചിൽ പ്രാവുകൾ കുറുകുന്നത് പോലാവും‌. ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി. പുലർ‌മഴയിൽ ആർ‌ദ്രഹൃദയത്തോടെ ആദ്യമായി മനസിന്റെ ജാലകം തിരയുന്നയാളെ ഓർ‌ത്ത് രാവേറെയായിട്ടും തീരെ ഉറങ്ങാതെ പുലരും വരെ വരവീണയിൽ ശ്രുതിമീട്ടും‌; ചന്ദനവളയിട്ട കൈയാൽ പൂക്കളമെഴുതുമ്പോൾ പിറകിലൂടെ വന്ന് കണ്ണു പൊത്തും‌; സന്ധ്യാരാഗം കാറ്റിൻ ചിറകണിയാൻ നേരത്ത് അവളുടെ പാട്ടിലെ സ്വരങ്ങൾ അവന്റെ മനസിൽ തേൻ‌വണ്ടായി പറക്കും‌. കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാകും അവൾ‌; ചന്ദ്രകാന്തങ്ങൾ മിന്നി നിൽ‌ക്കുന്ന ചൈത്രരാവാകും‌. അപ്പോൾ വ്രീളാവിവശം പാടും ഗോപീ ഹൃദയ വസന്ത പതം‌ഗം‌.

7 comments:

ManojMavelikara said...

goodd...sunilll

Abdulkalam.U.A said...

"ഉള്ളിനുള്ളിലെ അക്ഷര പൂട്ടുകളാദ്യം തുറന്നു തന്നു"...അതും അവിസ്മരണീയമല്ലെ സുനില്‍ജീ...

മാണിക്യം said...

കഴിഞ്ഞ കുറെ കാലമായി മലയാളിയുടെ ചുണ്ടില്‍ പുത്തഞ്ചേരിയുടെ വരികള്‍ ആയിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ നേടിയ പുത്തഞ്ചേരി മലയാള സിനിമയുടെ അമൂല്യ സമ്പത്തായിരുന്നു... ഗിരീഷ് പുത്തഞ്ചേരിയുടെ ഒരൊ ഗാനങ്ങളും എത്ര കേട്ടാലും മതിവരാത്തവയും മനസ്സില്‍ കൊളുത്തി കിടക്കുന്ന വരികളുമാണ്, മലയാളിയുടെ മനസ്സില്‍ എന്നെന്നും ഈ ഗാനങ്ങള്‍ ഉണ്ടാവും ഇത്ര പെട്ടന്ന് എന്തിനു ഈശ്വരന്‍ ഈ മനുഷ്യനെ കൊണ്ടു പോയി എന്നു ചോദിച്ചു പോകും. മലയാളിയുടെ മനസ്സില്‍ പ്രണയവര്‍ണങ്ങള്‍ ചാലിച്ച കവിയും, ഗാന രചയിതാവും ആയ ഗിരീഷ്‌ പുത്തന്‍ചേരിക്ക് ആദരാഞ്ജലികള്‍....!!!!!

ഏ.ആര്‍. നജീം said...

ആ വരികളിലൂടെ അദ്ദേഹം എന്നും മലയാളി മനസ്സുകളില്‍ ജീവിക്കും...മലയാളം ഉള്ളിടത്തോളം

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഒരു രാത്രി കൂടി വിടവാങ്ങവേ ... ഒരു പാട്ട് മൂളി വെയില്‍ ‍ വീഴവെ ... പതിയെ പറന്നെന്റെ അരികില്‍ വരും , അഴകിന്റെ തൂവലാണ് നീ ..

ആരോടും മിണ്ടാതെ..... മിഴികളില്‍ നോക്കാതെ ..... മഞ്ഞില്‍ മായുന്ന .. മൂക സന്ധ്യേ ..
നിന്‍ രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖ ബിംബം ... മറന്നിട്ടുമെന്തോ മനസ്സില്‍ തുളുമ്പുന്നു ..

കുഞ്ഞുബി said...

പ്രണയ മനോഹരമായ വാക്കുകൾ കോർത്തു, ആത്മാവിന്റെ അഗാധതയിലേക്കു അമൃതു പകർന്നു തന്നീട്ട് കാല യവനികക്കുള്ളിലേക്കു ഗന്ധർവന്മാർക്കു ഗാന രചയിതാവായി മറഞ്ഞു പോയ “പുത്തൻ”, മലയാളം ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും..

Anonymous said...

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ ഏത് അപൂർ‌വ തപസിനാലാണ് സ്വന്തമാക്കിയതെന്ന് ആശ്ചര്യപ്പെടുന്ന കാമുകൻ അവളുടെ കണ്ണിലുള്ള കനവൂതാതെ മെല്ലെയൊന്ന് പാടിയുണർ‌ത്തുന്നത് ചാരെ നിന്ന നിഴൽ പോലുമറിയാതെയാണ്. പവിഴവാർ‌ത്തിങ്കളറിയാതെ പ്രണയ തൽ‌പത്തിലമരാൻ വാ എന്ന് ക്ഷണിക്കുന്നതാണ്, നിനക്കെന്റെ മനസിന്റെ മലരിട്ട വസന്തത്തിൽ മഴവില്ലു മെനഞ്ഞു തരാം എന്ന് മോഹിപ്പിക്കുന്നതാണ്, ഒരു മുളം തണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഏറ്റു വാങ്ങാം എന്ന് ആണയിടുന്നതാണ്, നീ തൊട്ടുണർ‌ത്തുമ്പോൾ നക്ഷത്രമാകും ഞാൻ‌ എന്ന് പ്രഘോഷിക്കുന്നത്..... ഒക്കെയാണ് പ്രണയം‌.
maria b replica first copy
maria b bridal replica

Blog Archive