Search This Blog

Monday, March 17, 2008

കസാന്‍ദ്‌ സാക്കീസിന്‍റ്റെ ദ ലാസ്റ്റ്‌ ടെംപ്റ്റേഷന്‍, കുന്ദേരയുടെ ദ കര്‍ട്ടന്‍

1. കസാന്‍ദ്‌ സാക്കീസിന്‍റ്റെ ദ ലാസ്റ്റ്‌ ടെംപ്റ്റേഷന്‍ വായിക്കാനുള്ള ത്യാഗം ഈ ലെന്‍റ്റ്‌ സീസണിലെങ്കിലും ഉണ്ടാവേണ്ടതാണ്‌. മനുഷ്യനായിരിക്കുമ്പോള്‍ത്തന്നെ എങ്ങനെ ദൈവികത സാധ്യമാവുമെന്ന്‌ ആ നോവല്‍ നെഞ്ച്‌ പിളര്‍ത്തി കാണിച്ചു തരുന്നു. മാനുഷിക ഘടകങ്ങള്‍ ദൈവികത്വത്തില്‍ സന്നിവേശിപ്പിക്കുന്ന ആന്ത്രോപ്പോമോര്‍ഫിക്ക്‌ ടെക്നിക്‌ ഇല്ലാതെ പച്ചയായി ക്രിസ്തുവിനൊപ്പം നടക്കുകയാണ്‌ കസാന്‍ദ്‌ സാക്കീസ്‌. ആ യാത്രയില്‍ കുന്നുകളും കുഴികളും ദുഃഖവെള്ളികളും ഉയിര്‍പ്പുഞായറുകളുമുണ്ട്‌. കളിക്കൂട്ടുകാരിയായിരുന്ന മഗ്ദലന മറിയം വേശ്യയായത്‌ താന്‍ ആത്മീയപാത തെരഞ്ഞെടുത്തതു കൊണ്ടാണെന്ന്‌ പരിതപിക്കുന്ന, മനുഷ്യരുടെ അക്ഷമ പെരുത്ത്‌ മശിഹാ സ്ഥാനം ആരോപിക്കപ്പെട്ട', തുടര്‍ ജീവിതം തന്നെ കുരിശിന്‍റ്റെ വഴിയായി ഭവിച്ച, ഭൂമിയെ തൊട്ടു നടന്ന്‌ സഹജപ്രലോഭനങ്ങളെ അതിജീവിച്ച ഒരു മനുഷ്യന്‍റ്റെ അസാധാരണമായ കഥയാണ്‌ അന്ത്യപ്രലോഭനം. ഇത്‌ വായിച്ചാല്‍ ഇത്തിരിയെങ്കിലും സ്നേഹം നമ്മില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാതിരിക്കില്ല. ദുഃഖവെള്ളിയാഴ്ച കുടിച്ചു പൂസായി മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഘോഷമായി ഈസ്റ്റര്‍ പരിണമിച്ചിരിക്കുന്നു പലര്‍ക്കും!

2. ജോണ്‍ മില്‍ട്ടന്‍റ്റെ പറുദീസ നഷ്ടം (പാരഡൈസ്‌ ലോസ്റ്റ്‌) ഹോളിവുഡില്‍ സിനിമയാകുന്നു.

പറുദീസസംബന്ധമായ ഒരു കച്ചവടവും നഷ്ടമാവാറില്ല. കേന്ദ്രകഥാപാത്രമായ ലൂസിഫറെ അവതരിപ്പിക്കാന്‍ പുതിയ ജയിംസ്‌ ബോണ്ട്‌ ഡാനിയേല്‍ ക്രെയിഗിനു വരെ താല്‍പര്യമാണത്രെ. അങ്ങനെ ഒരു ദേവാസുര യുദ്ധകഥ കൂടി. നോക്കുക, നന്‍മയും തിന്‍മയും തമ്മിലുള്ള സംഘട്ടനമെന്ന്‌ പേര്'. കൂടുതല്‍ കാണിക്കുന്നത്‌ തി്‌ന്മ. ഒടുവില്‍ നന്‍മയുടെ റൊമാന്‍റ്റിക്‌ വിജയമ്. നമുക്ക്‌ ത്ര്^പ്തി, ബോക്സ്‌ ഓഫീസിന്‌ മുക്തി!

3. മിലാന്‍ കുന്ദേരയുടെ പുതിയ പുസ്തകം ദ കര്‍ട്ടന്‍, ആന്‍ എസ്സേ ഇന്‍ സെവന്‍ പാര്‍ട്സ്‌.

നോവലെഴുത്തും വായനയും എന്ന കലയെപ്പറ്റിയുള്ള ഒരു ധ്യാനമാണ്‌ കുന്ദേരയുടെ തന്നെ സാഹിത്യാസ്വാദന ക്ര്^തിയായ ദി ആര്‍ട്ട്‌ ഓഫ്‌ ദ നോവലിന്‍റ്റെ (1988) തുടര്‍ച്ചയായ കര്‍ട്ടന്‍ (റിവ്യൂകാരന്മാര്). ഒരു നോവലിസ്റ്റ്‌ പ്രസംഗപീഠത്തില്‍ നില്‍ക്കുന്ന പ്രഫസര്‍ അല്ല; മറിച്ച്‌ സ്വന്തം സ്റ്റുഡിയോയിലേക്ക്‌ വായനക്കാരെ ക്ഷണിക്കുന്ന ചിത്രകാരനെപ്പോലെയാണ്‌. ആധുനികതക്കെതിരായ പുതു ആധുനികതയാണ്‌ നോവലുകള്‍ സാധ്യമാക്കേണ്ടത്‌. അന്നകരിനീനയുടെ ആത്മഹത്യാചിന്തകള്‍ക്ക്‌ പകരം വക്കാന്‍ മനോവിവരണത്തിന്റെ കാര്യത്തില്‍ ലോകസാഹിത്യത്തിലൊന്നുമില്ലെന്നാണ്‌ കുന്ദേരയുടെ അഭിപ്രായം. ദുരന്തചിത്രീകരണങ്ങളുടെ മുന്‍വ്യാഖ്യാനങ്ങള്‍ കൊണ്ട്‌ തുന്നിയ കര്‍ട്ടനുകള്‍ കീറേണ്ടതുണ്ടെന്നും കുന്ദേര ഓര്‍മ്മപ്പെടുത്തുന്നു. ചരിത്രം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, കിഴക്കും പടിഞ്ഞാറും തമ്മിലെ അന്തരം.. കര്‍ട്ടനില്‍ ചര്‍ച്ചക്കായി കടന്നു വരുന്നു. ദ ബുക്ക്‌ ഓഫ്‌ ലാഫ്റ്റര്‍ ആന്‍ഡ്‌ ഫൊര്‍ഗെറ്റിങ്ങിന്റെയും ദി അണ്‍ബെയറബിള്‍ ലൈറ്റ്നസ്‌ ഓഫ്‌ ബീയിങ്ങിന്റേയും കര്‍ത്താവ്‌ പറയുന്നതില്‍ കനവും കാര്യവുമുണ്ടെന്ന്‌ നിരൂപകര്‍.

4. ഷേക്സ്പിയറിന്‍റ്റെ എ മിഡ്സമ്മര്‍ നൈറ്റ്സ്‌ ഡ്രീം ലണ്ടനില്‍ അവതരണമാരംഭിച്ചു. നാടകം പകുതി ഇംഗ്ളീഷിലും പകുതി മലയാളമടക്കമുള്ള ആറ്' ഇന്ത്യന്‍ ഭാഷകളിലും.
ഇതാണ്‌ ഗ്ളോബലൈസ്ഡ്‌ നാടകം. 412 വര്‍ഷം മുന്പ്‌ അരങ്ങേറിയ ഒറിജിനല്‍ മിഡ്സമ്മറിനെ ഹാരിപോട്ടര്‍ തലമുറക്കായി ആഗോള ഉടുപ്പിടീച്ച അണിയറക്കാര്‍ക്ക്‌ ഹാറ്റ്സ്‌ ഓഫ്‌!

1 comment:

Nishedhi said...

സാക്കീസിന്റെ ആ ക്ലാസിക്ക്‌ കൃതിയെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി!

Blog Archive